‘എല്ലാവരുംകൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ?’സംസ്കാരത്തിന് കുഴിയെടുക്കുന്ന മകൻ …
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ.പോലീസിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ കുഴിയെടുത്ത് മകന്. ‘എല്ലാവരും കൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ എന്ന്’ പോലീസിനോട് പറഞ്ഞുകൊണ്ടായിരുന്നു മകന് കുഴിയെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. രാജന് തിങ്കളാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.
വൈകിട്ട് രാജന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്താണ് അമ്പിളി മരിച്ച വാര്‍ത്തയും എത്തുന്നത്. അതേസമയം പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
തങ്ങളെ ഒഴിപ്പിക്കാന്‍ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജന്‍ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഒഴിപ്പിക്കാന്‍ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓര്‍ഡര്‍ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്റ്റേ ഓര്‍ഡറിന്റെ പകര്‍പ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിര്‍ത്താനാണ് രാജന്‍ പെട്രോളൊഴിച്ച് പ്രതിഷേധിക്കാന്‍ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകള്‍ പൊലീസിനെസ്വാധീനിച്ച് അതിനു മുന്‍പേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാന്‍ നീക്കം നടത്തിയതാണ് ദുരന്തത്തിന്
ഇടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.