KeralaNews

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കാന്‍സറില്ലാതെ ചികിത്സയ്ക്ക് വിധേയയായ രജനി

ആലപ്പുഴ: കാന്‍സറില്ലാതെ ചികിത്സയ്ക്ക് വിധേയയായ ആലപ്പുഴ സ്വദേശിനി രജനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേല്‍ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് രജനിയുടെ തീരുമാനം. പത്ത് ലക്ഷം നഷ്ടപരിഹാരം ഉള്‍പ്പെടെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിനെതിരെ കൂടിയാണ് രജനിയുടെ പോരാട്ടം.

കാന്‍സറില്ലാത്ത യുവതിക്ക് കാന്‍സര്‍ ചികിത്സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികില്‍സ തേടിയത്.

പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച, കാന്‍സറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button