എടുത്തത് കലാമൂല്യമുള്ള ചിത്രങ്ങള്‍; ബലിയാടാക്കി കുരുക്കിയെന്ന് രാജ് കുന്ദ്ര
മുംബൈ: അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര രണ്ടു മാസത്തിന് ശേഷം ജയില്‍ മോചിതനായി. കേസില്‍ കുന്ദ്രയ്ക്കും സഹായി റയാന്‍ തോര്‍പ്പയ്ക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവരും ജയില്‍ മോചിതരായത്.
അതേസമയം ജയിലില്‍ നിന്നു പുറത്തിറങ്ങിയ കുന്ദ്ര മുംബൈയിലെ വസതിയില്‍ എത്തി. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞെങ്കിലും നിര്‍വികാരനായിട്ടാണ് അദ്ദേഹം പോയത്. കേസില്‍ കുന്ദ്രയെ പ്രധാന പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1,400 പേജുള്ള കുറ്റപത്രത്തില്‍ 43 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷികളില്‍ ഒരാള്‍ ഭാര്യ ശില്പനയാണ്.
കലാമൂല്യമുള്ള ചിത്രങ്ങളാണ് താന്‍ നിര്‍മിച്ചതെന്നും അശ്ലീലമായി ചിത്രീകരിച്ച് തന്നെ ചിലര്‍ ബലിയാടാക്കിയെന്നുമാണ് രാജ് കുന്ദ്ര കോടതിയെ അറിയിച്ചത്. കേസിലേക്ക് ചിലര്‍ തന്നെ വലിച്ചിഴച്ചുവെന്നും കുന്ദ്ര അവകാശപ്പെടുന്നു.