തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ജൂണ്‍ ഒന്നുമുതല്‍ 21 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 17 ശതമാനം കുറവുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 441.8 മി. മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 367.1 മി മീ മഴയാണ് ലഭിച്ചത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 37 ശതമാനം. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ പെയ്തത്.