തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ. തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടതോ, ശക്തമായതോ (115 mm വരെ മഴ,) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലവര്‍ഷം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞതായുള്ള കണക്കുകള്‍ പുറത്ത് വന്നിരുന്നു. ആറ് ജില്ലകളില്‍ ശരാശരിയിലും കുറവ് മഴയാണ് കിട്ടിയത്.
കേരള തീരത്ത് 40 മുതല്‍ 50 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിര്‍ദേശം. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, കേരള-കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.