വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു. അത് മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്തതാണെന്നും ആനി രാജ പറഞ്ഞു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരാള്‍ക്ക് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാം. അത് എല്ലാ സ്ഥാനാര്‍ഥികളുടേയും അവകാശമാണ്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നു. എന്നാല്‍, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് രാജിവെക്കേണ്ടിവരും. ഏത് മണ്ഡലത്തില്‍നിന്ന് രാജിവെച്ചാലും ആ മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള അനീതിയാകുമത്.
ഇത് പെട്ടെന്ന് ഒരു ദിവസമെടുത്ത തീരുമാനമായിരിക്കില്ലല്ലോ. ഇത്തരം ചര്‍ച്ചകള്‍ ആ പാര്‍ട്ടിക്കുള്ളില്‍ ഇതിന് മുന്നേതന്നെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ തീരുമാനമെടുത്തില്ലെങ്കില്‍പോലും ഇത്തരമൊന്ന് ചര്‍ച്ചയിലുണ്ട്, പാര്‍ട്ടിയുടെ പരിഗണനയില്‍ ഈ വിഷയമുണ്ട് എന്ന് പറയാനുള്ള ധാര്‍മികമായ ബാധ്യത രാഹുല്‍ ഗാന്ധിക്കുണ്ട്. അദ്ദേഹം അത് നിര്‍വഹിച്ചില്ല, ആനി രാജ പറഞ്ഞു
റായ്ബറേലിയോട് വൈകാരികത കൂടുതലുണ്ടെന്ന കെ.സി വേണുഗോപാലിന്റെ പ്രതികരണം രാഹുല്‍ ഗാന്ധിയുടെ വൈകാരികതയെ ചോദ്യം ചെയ്യുന്നതാണ്. രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാട്ടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നുംചെയ്തില്ലെങ്കില്‍പോലും വൈകാരികബന്ധമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം രണ്ടാമതും വയനാട്ടില്‍ മത്സരിക്കുന്നത്.
അദ്ദേഹത്തിന്റെ വൈകാരികതയെ വെച്ചുകൊണ്ട് പത്ത് വോട്ടിനോ രണ്ട് സീറ്റിനോ വേണ്ടി ഉപയോഗിക്കുന്ന തന്ത്രമാണോ, അതല്ല രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ വൈകാരികതയുണ്ടോ? വേണുഗോപാല്‍ പറയുന്നതുപോലെ സന്ദര്‍ഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന വൈകാരികതയാണോ അതെന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കോണ്‍ഗ്രസ് റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത്. 2019-ല്‍ വയനാടിന് പുറമെ അമേഠിയിൽ രാഹുല്‍ മത്സരിച്ചിരുന്നു. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.