തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെയാണ് സി.പി.എം എതിര്‍ക്കുന്നതെന്നും രാഹുൽ ഗാന്ധിക്ക് വ്യക്തിപരമായ പിന്തുണയല്ല നല്‍കിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ യു.ഡി.എഫിനെ എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കുമെന്നും അതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
. കെ. സുരേന്ദ്രന്റെ സത്രീവിരുദ്ധ പരാമര്‍ശം ജീര്‍ണമായ ഫ്യൂഡല്‍ ബോധത്തില്‍ നിന്നുണ്ടായതാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ എം.വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെയാണ് സി.പി.എം എതിര്‍ത്തത്. അതിന് രാഹുല്‍ ഗാന്ധിയ്ക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമെന്ന് അര്‍ഥമില്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുടെ ആവശ്യമില്ല. ഇടതുപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളുടെ സമീപനങ്ങളെ വാനോളം പുകഴ്ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് എം.പിയുടെ അംഗത്വം ജനാധിപത്യവിരുദ്ധമായി റദ്ദുചെയ്യുകയും ഉടൻതന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അത്തരത്തിൽ ജനാധിപത്യ ധ്വംസനം നടന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതികരിക്കാന്‍ ഒരുക്കമായിരുന്നില്ല. കെ.കവിതയെ ഇ.ഡി. ചോദ്യംചെയ്തപ്പോഴും കോണ്‍ഗ്രസ് എതിര്‍ത്തില്ല.
സിസോദിയയുടെ അറസ്റ്റിലും കോണ്‍ഗ്രസ് പ്രതികരിച്ചില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ട മനോഭാവമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങളെ മാത്രമാണ് കോണ്‍ഗ്രസ് പ്രതിരോധിയ്ക്കുന്നത്. നിയമസഭയില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ടതും ജനാധിപത്യവിരുദ്ധ നിലപാടാണ്, എം.വി ഗോവിന്ദന്‍ പറഞ്ഞു.
വനിതാ പ്രവർത്തകർക്കെതിരേ സുരേന്ദ്രൻ നടത്തിയത് ജീര്‍ണമായ ഫ്യൂഡല്‍ ബോധത്തില്‍ നിന്നുണ്ടായ പ്രസ്താവനയാണ്. അത്തരം പദങ്ങള്‍ സുധാകരന്‍ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ സുരേന്ദ്രനും ഉപയോഗിക്കുന്നു. സ്ത്രീകളുള്‍പ്പടെ നിരവധിയാളുകള്‍ സുരേന്ദ്രനെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതൊന്നും ജനാധിപത്യസമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ല, എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഗവര്‍ണറുമായൊരു ഏറ്റുമുട്ടലല്ല പാര്‍ട്ടിയുടെ ലക്ഷ്യം. ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരും ഗവര്‍ണറും നിര്‍വഹിക്കണം. അതില്‍ ഇരുവരും വീട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.