KeralaNews

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഉദ്ദേശമില്ല; തനിക്ക് മൂന്ന് വര്‍ഷവും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ട് :രാഹുല്‍ മാങ്കൂട്ടത്തില്‍

ലണ്ടന്‍: കുറച്ചു ദിവസങ്ങളിലായി യുകെയില്‍ പര്യടനത്തിലാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒഐസിസി ഒരുക്കിയ സ്വീകരണ പരിപാടികളില്‍ അടക്കം പങ്കെടുക്കുകയാണ് അദ്ദേഹം. രാഹുല്‍ എംഎല്‍എ ആയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദവി ഒഴിയാനും പകരം രാഹുലിനോട് സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച അബിന്‍ വര്‍ക്കിയെ പ്രസിഡന്റ്് ആയി നിയമിക്കപ്പെടാനും സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ അടക്കം രാഹുല്‍ നിരാകരിച്ചു.

താന്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ ആവശ്യകത ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നിലവിലെ കെപിസിസി പ്രസിഡന്റ എംപി സ്ഥാനം വഹിക്കുന്നതിനാല്‍ സാങ്കേതികമായും ധാര്‍മികമായും അത്തരം ഒരു വാദം ഉയര്‍ത്താനാകില്ല എന്നതും രാഹുലിന് പ്രസിഡന്റ പദവി കൈവശം വയ്ക്കാന്‍ അവസരം നല്‍കുകയും ചെയ്യും. മാത്രമല്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ ആയി കേവലം ഒരു വര്‍ഷം മാത്രം ഇരുന്ന തനിക്ക് സംഘടന മാനദണ്ഡം വഴി മൂന്നു വര്‍ഷവും തുടരാന്‍ ഉള്ള അര്‍ഹത ഉണ്ടെന്നും എംഎല്‍എ ആകുക വഴി തന്നെ വിശ്വസിച്ച സംഘടനയെ പെരുവഴിയില്‍ ഉപേക്ഷിച്ചു പോകാനാകില്ല എന്നും രാഹുല്‍ പറഞ്ഞു.

എംഎല്‍എ പദവി മൂലം യൂത്ത് കോണ്‍ഗ്രസ് സംഘടന കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാതിരിക്കാന്‍ ഉള്ള വിധം തിരക്കുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി . തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ യൂത്ത് കോണ്‍ഗ്രസിന് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ നിര്‍ണായകമായ വിധത്തില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ താന്‍ മുന്നില്‍ തന്നെ ഉണ്ടാകും എന്നും അദ്ദേഹം സൂചിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്തു തനിക്ക് എതിരെ ഉയര്‍ന്ന വ്യാജ വോട്ട് വിവാദത്തില്‍ തരിമ്പെങ്കിലും വാസ്തവം ഉണ്ടായിരുന്നെങ്കില്‍ സമരങ്ങളുടെ പേരില്‍ പലവട്ടം ജയിലില്‍ പിടിച്ചിട്ട സര്‍ക്കാര്‍ വെറുതെ വിടുമായിരുന്നോ എന്നും രാഹുല്‍ ചോദിച്ചു.

എതിരാളികളെ മോശക്കാരാക്കി ചിത്രീകരിക്കുക എന്നതില്‍ അപ്പുറം ഒന്നും സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കാനാകില്ല എന്നും രാഹുല്‍ പറഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ടോക് ഷോയില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ രാഹുല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കി രാഹുല്‍ പലപ്പോഴും കയ്യടികളുടെ നടുവില്‍ തന്നെ ആയിരുന്നു.

തിരഞ്ഞെടുപ്പ് കാലത്തു മാധ്യമങ്ങള്‍ നടത്തുന്ന സര്‍വേകള്‍ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തതു ആണെന്ന് രാഹുല്‍ തുറന്നടിച്ചു. ലക്ഷക്കണക്കിന് വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ വെറും ആയിരം പേരെ സാമ്പിള്‍ ആക്കി എടുത്തു അവരില്‍ നിന്നും പുറത്തു വരുന്ന അഭിപ്രായം എന്ന നിലയില്‍ എത്തുന്ന സര്‍വേകള്‍ ജനങ്ങളെ അല്പം കണ്‍ഫ്യൂസ് ആകുക എന്ന ഉദ്ദേശത്തില്‍ ചെയുന്നതാണ്. എന്നാല്‍ മാധ്യമങ്ങളെ നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എങ്കില്‍ പാലക്കാട്ടെ ഫലം മറ്റൊന്നായേനേ എന്നും രാഹുല്‍ സൂചിപ്പിച്ചു.

പാലക്കാട്ട് ഇഞ്ചോടിഞ്ചു മത്സരം എന്നൊക്കെ എഴുതുമ്പോള്‍ ഫലം ഇങ്ങനെ ആയാല്‍ പോരല്ലോ. പാലക്കാട് സിപിഎംനേയോ കോണ്‍ഗ്രസിനെയോ കുറിച്ച് പറയുമ്പോള്‍ ജനശ്രദ്ധ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ബിജെപിയില്‍ ഫോക്കസ് ചെയ്താല്‍ കിട്ടും എന്ന് മാധ്യമങ്ങള്‍ക്കറിയാം. അവര്‍ക്ക് പൊടുന്നനെ എത്തുന്ന പ്രേക്ഷകര്‍ നല്‍കുന്ന ടി ആര്‍ പി റേറ്റിങ്ങിലാണ് ശ്രദ്ധ. വസ്തുതാപരമായ വാര്‍ത്തകള്‍ നല്‍കണം എന്ന ഉദ്ദേശം ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമല്ല.

തിരഞ്ഞെടുപ്പിന് ശേഷം തനിക്ക് പാലക്കാട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഒതുക്കപ്പെട്ട് പോയെന്നും ഉള്ള തരത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയില്‍ നിന്നും പുറത്തു വന്ന വാക്കുകള്‍ ചോദ്യമായപ്പോള്‍ അതെല്ലാം മാധ്യമ സൃഷ്ടി എന്നാണ് രാഹുല്‍ തുറന്നടിച്ചത്. നാല് മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ നിന്നും ഒന്നോ രണ്ടോ വാക്ക് മാത്രം അടര്‍ത്തി എടുത്ത് സാഹചര്യം വ്യക്തമാക്കാതെ റിപ്പോര്‍ട്ട് ചെയ്താല്‍ ഇതല്ല ഇതിലും വലിയ വാര്‍ത്ത പിറക്കും. ഡല്‍ഹി പഠന കാലം മുതലേ ഞങ്ങള്‍ ഒന്നിച്ചാണ്.

ഒരേ ബെഞ്ചില്‍ പഠിച്ചവര്‍ എന്ന് വിശേഷിപ്പിക്കും പോലെ അന്നും ഒരേ ബ്ലോക്കില്‍ അടുത്തടുത്ത മുറികളിലാണ് താമസം. ഇപ്പോള്‍ എംഎല്‍എ ഹോസ്റ്റലിലും അതാവര്‍ത്തിക്കുന്നു. നിയമ സഭയിലെ ഇരിപ്പിടത്തില്‍ പോലും ഞങ്ങള്‍ അടുത്തടുത്താണ്. ഇക്കാര്യത്തില്‍ ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവും ആയി എത്തേണ്ടതില്ല. ഞങ്ങള്‍ തമ്മിലുള്ള ആത്മ ബന്ധം ഞങ്ങളുടെ സ്വകാര്യതയാണ്. അത് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം മനസ്സിലായാല്‍ മതിയാകും.

രാഷ്ട്രീയത്തില്‍ ഷാഫിയും രാഹുലും തമ്മിലുള്ള അഭേദ്യമായ സൗഹൃദ ബന്ധം രൂപം കൊണ്ടത് എങ്ങനെ എന്ന ചോദ്യത്തിന് ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. രാഷ്ട്രീയത്തില്‍ ഇത്തരം ഒട്ടേറെ സൗഹൃദ കൂട്ടങ്ങളുണ്ട്. മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ പോകുന്നത് കൊണ്ടാകും. കോണ്‍ഗ്രസില്‍ തന്നെ ഇത്തരം അനേകം ബോണ്ടിങ്ങുകള്‍ നിരീക്ഷിച്ചാല്‍ കണ്ടെത്താനാകും.

ഗൂഗിളില്‍ തിരഞ്ഞാല്‍ കലാപ നിയന്ത്രിത പൊലീസിന് നടുവില്‍ നില്‍ക്കുന്ന രാഹുലിന്റെ ചിത്രം ഒരു ഹീറോ പരിവേഷം ആയി മാറുകയാണല്ലോ എന്ന ചോദ്യത്തിന് താന്‍ വ്യക്തിപരമായ ഗ്ലോറിഫിക്കേഷനില്‍ വിശ്വസിക്കുന്നില്ല എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്. പൊലീസിന് നടുവില്‍ നില്കുന്നത് രാഷ്ട്രീയത്തില്‍ എത്തുന്ന ഏതൊരു ചെറുപ്പക്കാര്‍ക്കും ഭയമുള്ള കാര്യമല്ല. ക്ലസ്‌മേറ്റ്സ്, ഒരു മെക്സിക്കന്‍ അപരത എന്ന സിനിമയ്ക്കെ അത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെകില്‍ അതിനെ നിഷ്‌കളങ്ക സിനിമയായി കാണേണ്ട കാര്യമില്ല.

സിനിമയിലും വരെ കോണ്‍ഗ്രസ് വിരുദ്ധത പ്രചരിപ്പിക്കാന്‍ ആളുണ്ട് എന്ന് മനസിലാക്കിയാല്‍ മതി. ഇത്തരം കാര്യങ്ങള്‍ ഒക്കെ ചിലപ്പോള്‍ ഒരു നിമിഷത്തെ ചിരി സമ്മാനിക്കാന്‍ വേണ്ടി കൂടിയാകാം. പക്ഷെ ഒരു പ്രസ്ഥാനത്തെയാണ് ഇവരൊക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ സമീപനം മറ്റു രാഷ്ട്രീയ പാര്‍ട്ടികളോട് കാണിക്കുന്നില്ല എന്നതാണ് ജനം തിരിച്ചറിയേണ്ടത്.

പാലക്കാട് നഗരസഭ ഈ വര്‍ഷം കോണ്‍ഗ്രസിന്റെ കൈയില്‍ എത്തും എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ രാഷ്ട്രീയ അട്ടിമറിയാണോ എന്ന മറുചോദ്യത്തില്‍ കോണ്‍ഗ്രസ് അതാഗ്രഹികുന്നില്ല എന്നായിരുന്നു മറുപടി. അത് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ സാധിക്കാവുന്ന കാര്യമേയുളൂ. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ അട്ടിമറിയാണ് കോണ്‍ഗ്രസിന് താല്പര്യം ,

താന്‍ എംഎല്‍എ ആയ സാഹചര്യത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി നല്കാനാകുന്ന ഏറ്റവും വലിയ പ്രവര്‍ത്തനം ആയിരിക്കും നഗര സഭ ഭരണം പിടിച്ചെടുക്കുക എന്നത്. ഒന്ന് പരിശ്രമിച്ചിരുന്നങ്കില്‍ കോണ്‍ഗ്രസിന് വേണമെങ്കില്‍ കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കാവുന്ന സാഹചര്യമായിരുന്നു. എന്നാല്‍ ചെറുകക്ഷികളെ അമിതമായി ആശ്രയിക്കുമ്പോള്‍ സമ്മര്‍ദത്തിന് വഴങ്ങിയുള്ള ഭരണമാകും വേണ്ടി വരിക. അത് ദേശീയ താല്പര്യങ്ങള്‍ക്കും വിരുദ്ധമാകും.

അസാധാരണമായ വിധം ആരോപണങ്ങളും സ്ഥാനാര്‍ത്ഥിയെ ഫോക്കസ് ചെയ്തു മോശം പ്രചരാണവും ഒടുവില്‍ പെട്ടി നിറയെ കാശെത്തി എന്ന പ്രചാരണം ഒക്കെയായി കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോയ തിരഞ്ഞെടുപ്പില്‍ സിപിഎം ജനങ്ങളെ ബുദ്ധിശൂന്യരായാണ് പരിഗണിച്ചത് എന്നും രാഹുല്‍ സൂചിപ്പിച്ചു. എനിക്ക് പകരം ആരായിരുന്നാലും സിപിഎം ഇങ്ങനെ തന്നെ പ്രചാരണം നടത്തിയേനെ. അതിനാല്‍ ആരോപണങ്ങളെ വ്യക്തിപരമായി കാണുന്നില്ല. പോളിംഗ് ദിനത്തിന് തൊട്ടു മുന്‍പായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയ സാഹചര്യം മുസ്ലിം വോട്ടുകളെ പറിച്ചെടുത്തേക്കും എന്ന ഭയമൊന്നും കോണ്‍ഗ്രസ് ക്യാമ്പില്‍ ഉണ്ടായിരുന്നില്ല.

കാരണം തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തത ഉള്ളതാണെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പത്രങ്ങളുടെ ഒന്നാം പേജില്‍ വോട്ട് ലക്ഷ്യമാക്കി പരസ്യം ചെയ്യുന്ന സിപിഎം കാപട്യം ജനങ്ങള്‍ തിരിച്ചറിയുകയാണ്. 2016 ലെയോ 2021ലെയോ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍. തിരഞ്ഞെടുപ്പുകളില്‍ വിജയം നിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

കോണ്‍ഗ്രസില്‍ ഒരു ജനവിഭാഗവും വിശ്വാസത്തില്‍ എടുക്കുന്ന ഒരു പിടി നേതാക്കള്‍ ഉണ്ട് എന്നത് അയോഗ്യതയല്ല മറിച്ചു നേട്ടമായി കണ്ടുകൂടെ എന്ന് രാഹുല്‍ ചോദിച്ചതു കേള്‍വിക്കാരും ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. സിപിഎംല്‍ ഒരു പിണറായി വിജയന്‍ മാത്രമുള്ളപ്പോള്‍ അനേകം പേരിലേക്ക് എത്താന്‍ കഴിയുന്ന നേതാക്കള്‍ – ആരുടേയും പേരെടുത്തു പറയാതെ – ഉള്ളത് കോണ്‍ഗ്രസിന്റെ നേട്ടം തന്നെയാണ് എന്ന് വിശദീകരിക്കുക ആയിരുന്നു അദ്ദേഹം.

ഇത് മനസിലാക്കിയാണ് സിപിഎം കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിപരമായി വിമര്‍ശിച്ചു ആക്രമിക്കുന്നത്. കോണ്‍ഗ്രസില്‍ ഒന്നാം നിരയും രണ്ടാം നിരയും മാത്രമല്ല മൂന്നാം നിരയും നാലാം നിരയും വരെ എത്തുന്ന കഴിവുള്ള നേതാക്കളുടെ വലിയ സംഘം തന്നെയാണ് രൂപം എടുത്തിരിക്കുന്നത്. അതിനാല്‍ കോണ്‍ഗ്രസിനെ പിടിച്ചു കെട്ടുക എന്നത് സിപിഎമ്മിന് പഴയ പോലെ സാധിക്കുന്ന കാലമല്ല ഇപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker