തിരുവനന്തപുരം: ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഇത്തരത്തിലുളള സമരം പിൻവലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതൽ തടങ്കൽ അവസാനിപ്പിച്ചാൽ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുരേന്ദ്രന് അസഹിഷ്ണുതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ ശബ്ദമാണ്. കൊടികളുടെ നിറത്തിൽ മാത്രമേ വ്യത്യാസമൊള്ളൂ. ജന സദസ്സ് എന്ന ആഢംബര പരിപാടിയിൽ എത്രയധികം പ്രശ്നങ്ങൾ നടക്കുന്നു. എവിടെയെങ്കിലും കെ സുരേന്ദ്രനെ കാണാൻ കഴിഞ്ഞോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
പെരുമ്പാവൂരിൽ നവകേരള സദസ്സിന്റെ ബസിന് നേരെ ഷൂ എറിഞ്ഞത് വൈകാരികമായ പ്രതിഷേധമായിരുന്നുവെന്ന് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു. ഷൂ ഏറ് കരുതിക്കൂട്ടി ചെയ്തതല്ല. ജനാധിപത്യത്തിന് നിരക്കാത്ത സമരമാണെന്ന് അറിയാം. പാര്‍ട്ടിയുടെ അറിവോടെ നടത്തിയതല്ല. ഇനി ഈ തരത്തില്‍ പ്രതിഷേധിക്കില്ലെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കിയിരുന്നു.
ഷൂ എറിഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അത്തരം പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദു കൃഷ്ണൻ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഐഎം ക്രിമിനല്‍ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിനെതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരില്‍ ഉടലെടുത്തതെന്ന് യദു കൃഷ്ണൻ പറഞ്ഞു.
വാഹനവ്യൂഹത്തിന് നേരെ കെ എസ് യു പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ ഐപിസി 283, 353, 34 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു