തിരുവനന്തപുരം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ സ്വീകരണം നൽകും. രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.
അതിർത്തിയായ കളിയിക്കാവിളയിൽ ശനിയാഴ്ച യാത്ര പൂർത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽനിന്നായിരിക്കും പദയാത്ര ആരംഭിക്കുക.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിൽ നെൽക്കതിരും ഇളനീരും നൽകി സ്വീകരിക്കും.
രാവിലെ യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തിൽ സമാപിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുൽഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദർശിക്കും.
വൈകീട്ട് നിംസ് ആശുപത്രി വളപ്പിൽ ഗാന്ധിയന്മരായ ഗോപിനാഥൻ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകീട്ട് യാത്ര നേമത്ത് സമാപിക്കും. 12-ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹർ ബാൽമഞ്ചിലെ വിദ്യാർഥികളുമായും രാഹുൽഗാന്ധി സംവദിക്കും.