കോഴിക്കോട്: സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊയിലാണ്ടിയിലെ യുഡിഎഫ് പ്രചാരണത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുന്നത്. സിപിഎം മുക്ത ഭാരതമെന്ന് പറയാന്‍ മോദി തയാറാകുന്നില്ല. സിപിഎമ്മിനെതിരേ മോദി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. ആര്‍എസ്എസിന് ഭീഷണി കോണ്‍ഗ്രസില്‍ നിന്നാണെന്നും ഇടതുപക്ഷം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്നും ബിജെപി നേതൃത്വത്തിനറിയാം. ഇതാണ് പരസ്യമായി സിപിഎമ്മിനെ മോദി എതിര്‍ക്കാത്തതെന്നും രാഹുല്‍ പറഞ്ഞു.
ഇടതുപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാര്‍ദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധി പിന്‍മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഞായറാഴ്ച നേമത്ത് എത്തും. കെ. മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചാണ് രാഹുല്‍ എത്തുന്നത്. നേരത്തെ മുരളീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്താമെന്നറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതോടെയാണ് രാഹുല്‍ എത്തുന്നത്.
രാഹുല്‍ ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. ഞായറാഴ്ച അഞ്ചിന് പൂജപ്പുരയില്‍ നടക്കുന്ന പ്രചരണയോഗത്തിലാകും മുരളീധരനായി രാഹുല്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. കൊവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധി നേമത്തെ പ്രചാരണത്തില്‍നിന്നു പിന്‍മാറിയത്.