ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ മല്ലിഗാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
അപാരമായ സാമര്‍ഥ്യത്തോടെയും സമഗ്രതയോടെയുമാണ് മന്‍മോഹന്‍ സിങ് ഇന്ത്യയെ നയിച്ചതെന്ന് രാഹുല്‍ ഗാന്ധി അനുശോചിച്ചു. ‘അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനമായി. എനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിനാളുകള്‍ മന്‍മോഹന്‍ സിങിനെ അഭിമാനത്തോടെ ഓര്‍ക്കും’, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
രാഷ്ട്രീയത്തില്‍ മന്‍മോഹന്‍ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവര്‍ അപൂര്‍വമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളിളുടെ അന്യായമായ ആക്രമണങ്ങള്‍ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു.
മന്‍മോഹന്‍ സിങ്ജി അക്കാദമിക രംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും.
മന്‍മോഹന്‍ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ശില്പി- ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍