FeaturedHome-bannerKeralaNews

കല്‍പ്പറ്റയില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ; സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

വയനാട്: കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്ഐ. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എസ്‍പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച ചെയ്തിരുന്നു.  മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി  അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker