News

രാഹുല്‍ ഗാന്ധിയ്ക്ക് കടലില്‍ പോകാന്‍ വിലക്ക്; ഉത്തരവുമായി ജില്ലാ കലക്ടര്‍

ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കന്യാകുമാരി ജില്ലാ ഭരണകൂടം. കൊവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു ബോട്ടില്‍ അഞ്ച് പേരില്‍ അധികം ആളുകളെ അനുവദിക്കാനാകില്ലെന്നും കലക്ടര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയില്‍ 12 ബോട്ടുകളാണ് അനുഗമിക്കാന്‍ തയ്യാറായിരുന്നത്. നേരത്തെ കേരളത്തില്‍ എത്തിയപ്പോഴും രാഹുല്‍ കടല്‍ യാത്ര നടത്തിയിരുന്നു. രാഹുലിന്റെ കടല്‍ യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കടല്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് ഇപ്പോള്‍. ഒറ്റകൈയില്‍ പുഷ് അപ്പ് എടുക്കുന്നതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതും പനനൊങ്ക് കഴിക്കുന്നതുമായ രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചുവടുകള്‍ വെച്ചത്.

രാഹുല്‍ ഗാന്ധിക്കായി കായികാഭ്യാസങ്ങളും വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റത്. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി.

നാഗര്‍കോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയരികില്‍ നിന്ന് പനനൊങ്ക് കഴിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അച്ചന്‍കുളത്തുവെച്ചാണ് രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന സംഘം വഴിയരികിലെ കച്ചവടക്കാരനില്‍നിന്ന് പനനൊങ്ക് കഴിച്ചത്. ഇത് കഴിക്കേണ്ട വിധം ഒപ്പമുള്ളവര്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലില്‍ കടലില്‍ പോയതും കടലില്‍ ചാടിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയുന്നതിനാണ് കടല്‍യാത്ര നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. തമിഴ്നാട്ടിലെ ഒരു സംഘം ഫുഡ് വ്ളോഗര്‍മാര്‍ക്കൊപ്പമുള്ള വീഡിയോയും വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker