അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നുവിധിച്ചത് സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തിയതും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതും.
ഈ വിധി സേറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുല്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കീഴ്ക്കോടതി രണ്ടുവര്‍ഷം തടവു വിധിച്ചതോടെ രാഹുലിന്റെ വയനാട് ലോക്സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിട്ടുണ്ടെങ്കിലും അപ്പീല്‍ തീര്‍പ്പാക്കുംവരെ സെഷന്‍സ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചാകും രാഹുലിന്റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുക.