KeralaNews

2 മുഖ്യമന്ത്രിമാർ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല;കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു: രാഹുൽ

കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാൻ പിണറായി മടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു.

ഇടവേളകളില്ലാതെ താൻ സംഘപരിവാർ ആശയങ്ങളെ കടന്നാക്രമിച്ചെന്നും പാർലമെന്‍റിൽ നിന്ന് തന്‍റെ പ്രസംഗം നീക്കം ചെയ്തെന്നും രാഹുൽ ചൂണ്ടികാട്ടി. മണിക്കൂറുകളോളം തന്നെ ഇ ഡി ചോദ്യം ചെയ്തു. അവർ എന്‍റെ വീട് തിരിച്ചെടുത്തു. എന്നാലും ഞാൻ സംഘപരിവാറിനെ ആക്രമിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുമെന്നും രാഹുൽ പറഞ്ഞു.

ഇത്രത്തോളം തന്നെ ആക്രമിച്ച ബി ജെ പി സർക്കാർ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജൻസികൾ പോകാത്തതെന്നും സി പി എം – ബി ജെ പി ബന്ധം സൂചിപ്പിച്ച് രാഹുൽ പറഞ്ഞു. രാജ്യത്തെ 2 മുഖ്യമന്ത്രിമാർ ജയിലിൽ പോയിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബി ജെ പി സർക്കാർ തൊട്ടിട്ടില്ലെന്നും രാഹുൽ ചൂണ്ടികാട്ടി.

അതേസമയം തന്നെ രാഹുൽ കേരളത്തെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. കഴിഞ്ഞ 5 വർഷം കൊണ്ട് കേരളീയർ എന്നെ പലതും പഠിപ്പിച്ചു. കേരളത്തിന് തനതായ സംസ്കാരം ഉണ്ട്. ഇന്ത്യയുടെ അതിരുകൾക്ക് ഉള്ളിലും പുറത്തും മലയാളികൾ മികച്ച പ്രവർത്തനം നടത്തുന്നു. കേരളം വിഭജിക്കപ്പെടണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാല് അവർക്കുള്ള മറുപടി കേരളം നിശ്ശബ്ദമായി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

അബ്ദുൽ റഹീമിന്‍റെ മോചന ശ്രമങ്ങൾ എടുത്ത് പറഞ്ഞാണ് രാഹുൽ കേരളത്തെ വാഴ്ത്തിയത്. അക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി കൂടെ നിന്നു. വെറുപ്പിന്‍റെ രാഷ്ട്രീയത്തെ കേരളം ഒറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നേതാവ് ഒരു ഭാഷ എന്ന് പറയുന്നവർ സമൂഹത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. രാജ്യത്തിന്‍റെ സ്വഭാവ സവിശേഷത മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. വൈവിധ്യം രാജ്യത്തിന്‍റെ കരുത്ത് ആണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ ആകുന്നില്ല. അദ്ദേഹത്തിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ ബി ജെ പിയും പ്രധാനമന്ത്രിയും പരമാവധി ശ്രമിച്ചെന്നും രാഹുൽ പറഞ്ഞു. ബി ജെ പിക്ക് പണം കൊടുത്ത കമ്പനികൾക്ക് നിരവധി കേന്ദ്ര പദ്ധതികൾ  ലഭിച്ചു. ലോകം കണ്ട ഏറ്റവും വലിയ തീവെട്ടി കൊള്ളയാണ് ഇലക്ടറൽ ബോണ്ടെന്നും അത് പ്രധാനമന്ത്രി നേതൃത്വം നൽകിയ കൊള്ളയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ 24 വർഷം നൽകേണ്ട കൂലിയാണ് കോർപറേറ്റുകളുടെ ബാങ്ക് വായ്പ ആയി എഴുതി തള്ളിയത്. രാജ്യത്ത് കുറച്ച് അതി സമ്പന്നരെ സൃഷ്ടിച്ചത് മാത്രമാണ് മോദിയുടെ നേട്ടമെന്നും രാഹുൽ വിമർശിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സ്ത്രീ ശാക്തീകരണം സാധ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനങ്ങൾ വിശദീകരിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker