പാലക്കാട്:പത്ത് വർഷം പ്രണയിനിയായ സജിതയെ പാലക്കാട് നെന്മാറയിലെ സ്വന്തം വീട്ടിൽ ഒളിപ്പിച്ചുവെന്ന റഹ്‌മാന്റെ വാദം നിഷേധിച്ച് രക്ഷിതാക്കൾ. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയതെന്ന് റഹ്മാന്‍റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവർ പറഞ്ഞു. റഹ്‌മാന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രക്ഷിതാക്കള്‍ ആരോപിച്ചു.
പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നും റഹ്മാന്റെ രക്ഷിതാക്കൾ പറഞ്ഞു .മൂന്നു വര്‍ഷം മുമ്പ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
സജിതയെ മറ്റെവിടെയോ ആണ് റഹ്മാൻ താമസിപ്പിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നിന്നു. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു ആ രക്ഷിതാക്കള്‍ പങ്കുവെച്ചത്.