കോഴിക്കോട് : മത്സരിച്ചോടി അപകടത്തിൽപെട്ട സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് – കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ പെരുമണ്ണ – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗസൽ ബസ്സും മെഡിക്കൽ കോളേജ് സിറ്റി റൂട്ടിലോടുന്ന ലാർക്ക് ബസ്സും തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ച് അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ പെട്ട ബസ്സുകൾ ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിൽ വച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമായും, ബ്രേക്ക് ക്ഷമത കുറവായും കണ്ടെത്തി. തുടർന്ന് രണ്ടു വാഹങ്ങളുടെയും ഫിറ്റ്നസ് റദ്ദ് ചെയ്യുകയായിരുന്നു.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശയും നൽകി. എൻഫോഴ്സ്മെന്റ് ആർ ടി ഒ ബിജുമോൻ കെ യുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ് പെക്ടർമാരായ അജിത് ജെ. നായർ ധനുഷ്. ടി, ഷുക്കൂർ എം എന്നിവരും പങ്കെടുത്തു.
അതേസമയം കോഴിക്കോട് ദേശീയപാതയിൽ കൊടുവള്ളി പാലക്കുറ്റിയിൽ സെപ്റ്റംബർ അഞ്ചിനുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന മകൻ സിനാനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അബ്ദുല്‍ മജീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറലിടിച്ചത്. വയറിംഗ് പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്നയാളാണ് അബ്ദുൽമജീദ്. പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ മകനാണ്. നസീമയാണ് ഭാര്യ. സിനാൻ , മിസ്രിയ, ഷഹാന ഷെറിൻ എന്നിവർ മക്കളാണ്. ഷിഹാബ് ബാബു മരുമകനാണ്. കഴിഞ്ഞ ദിവസം ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.