ചെന്നൈ: ലോകകപ്പ് ഫൈനലില്‍ മൂന്നാം സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓസ്‌ട്രേലിയയെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നെങ്കില്‍ പരാജയപ്പെടുത്താനാവുമായിരുന്നുവെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അശ്വിന്‍.
തന്നെ ഫൈനലില്‍ കളിപ്പിക്കാതിരുന്നതിന് രോഹിത് ശര്‍മയോട് യാതൊരു ദേഷ്യവുമില്ലെന്ന് അശ്വിന്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ താരം ബദ്രിനാഥിന്റെ യുട്യൂബ് ചാനലിനോടായിരുന്നു അശ്വിന്റെ പ്രതികരണം. രോഹിത്തിന്റെ മനോനില എന്താണെന്ന് എ നിക്ക് മനസിലാവും. പ്ലേയിംഗ് ഇലവനെ കുറിച്ച് രോഹിത് നൂറ് തവണയെങ്കിലും ആലോചിട്ടുണ്ടാവുമെന്നും അശ്വിന്‍ പറയുന്നു.
വിജയിച്ച് കൊണ്ടിരിക്കുന്ന ഒരു ഇലവനെ മാറ്റേണ്ട കാര്യമേയില്ല. ഈ ടൂര്‍ണമെന്റില്‍ അത്രയും മികവുറ്റ രീതിയില്‍ കളിച്ച പതിനൊന്ന് പേരെയാണ് രോഹിത് കളത്തില്‍ ഇറക്കിയത്. ഫൈനലില്‍ എന്നെ കളിപ്പിക്കുക, ടീം കോമ്പിനേഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ രണ്ടാമതാണ്. മറ്റൊരാളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മാത്രമേ നമുക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാവൂ.
രോഹിത്തിന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ ചിന്തിക്കുകയാണെങ്കില്‍, ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുന്നത് നൂറ് തവണയെങ്കിലും ചിന്തിക്കുമായിരുന്നു. കാരണം ടീമിന് ഏറ്റവും മികച്ച കോമ്പിനേഷന്‍ അതാണ്. ഒരു പേസ് ബൗളര്‍ക്ക് വിശ്രമം അനുവദിച്ച്, എന്തിന് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നും അശ്വിന്‍ ചോദിച്ചു.