ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിന് കിക്കോഫ്. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് നാളെ തുടക്കമാവുകയാണ്. ഇനി തുകല്‍പന്തിന് പിന്നാലെ ലോകത്തിന്റെ കണ്ണും മനസും സഞ്ചരിക്കുന്ന നാളുകള്‍. ആരാധകരുടെ സൂപ്പര്‍ ഹീറോകളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍, സുവാരസ് തുടങ്ങിയവരുടെയെല്ലാം അവസാന ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറുന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് ആരാധകര്‍ക്കും പ്രിയപ്പെട്ടതാവുന്നു.
ഇത്തവണ പല സൂപ്പര്‍ താരങ്ങള്‍ക്കും പരിക്കേറ്റതിനാല്‍ ആരാധകരുടെ പ്രിയപ്പെട്ട ചിലരുടെ പ്രകടനം ഖത്തറില്‍ കാണാനാവില്ല. ഇത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നു. പ്രതിരോധത്തില്‍ കോട്ടകെട്ടി നെഞ്ചുറപ്പോടെ നില്‍ക്കുന്ന ചില സൂപ്പര്‍ ഡിഫന്‍ഡര്‍മാരെ ഖത്തര്‍ ലോകകപ്പിന്റെ നഷ്ടമെന്ന് തന്നെ വിശേഷിപ്പിക്കാം. ഖത്തര്‍ ലോകകപ്പിനില്ലാത്ത അഞ്ച് പ്രമുഖ ഡിഫന്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഗബ്രിയേല്‍ മഗല്‍ഹേസ്
ഖത്തര്‍ ലോകകപ്പ് നഷ്ടമായ പ്രമുഖ പ്രതിരോധനിരക്കാരിലൊരാളാണ് ഗബ്രിയേല്‍ മഗല്‍ഹേസ്. ബ്രസീല്‍ താരത്തെ ഇത്തവണ ഖത്തര്‍ ലോകകപ്പ് ടീമിലേക്ക് ടിറ്റെ പരിഗണിച്ചില്ല. താരസമ്പന്നമായ ബ്രസീലിന്റെ 26 അംഗ ടീമില്‍ മഗല്‍ഹേസിന് ഇടം കണ്ടെത്താനായില്ല. പ്രീമിയര്‍ ലീഗില്‍ ആഴ്‌സണിന്റെ താരമാണ് മഗല്‍ഹേസ്. സമീപകാലത്തായി മികച്ച ഫോമിലായിരുന്നു താരം. 24കാരനായ താരം ഇത്തവണത്തെ ആഴ്‌സണലിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങളിലൊരാളാണ്. ആഴ്‌സണലിനായി 10 ക്ലീന്‍ ഷീറ്റ് നേടിയ താരം രണ്ട് ഗോളും നേടി. സെന്റര്‍ ബാക്ക് താരത്തിന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അനുഭവസമ്പത്ത് കുറവായതിനാല്‍ ടിറ്റെ പുറത്തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഫിക്കായോ ടൊമോറി
ഇംഗ്ലണ്ട് നിരയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ സൂപ്പര്‍ ഡിഫന്‍ഡറാണ് ഫിക്കായോ ടൊമോറി. എസി മിലാനായി മികച്ച പ്രകടനം നടത്തിയ താരത്തെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരത് സൗത്ത്‌ഗേറ്റ് ഇത്തവണ ഖത്തറിലേക്ക് പരിഗണിച്ചില്ല. ചെല്‍സി വിട്ട് മിലാനിലേക്കെത്തിയ താരം ടീമിന്റെ ആദ്യ 11ലെ സ്ഥിരക്കാരനാണ്. ഈ സീസണില്‍ ഇതുവരെ അഞ്ച് ക്ലീന്‍ ഷീറ്റ്‌സ് നേടാന്‍ 24കാരനായ താരത്തിന് സാധിച്ചു. ഇംഗ്ലണ്ടിനായി ഈ വര്‍ഷം മൂന്ന് തവണ കളിച്ചെങ്കിലും യുവതാരത്തിന് ഇംഗ്ലണ്ട് അവസരം നല്‍കിയില്ല.
ബെനോവിറ്റ് ബഡിയാഷിലെ
ഫ്രാന്‍സ് ടീമിന്റെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയ യുവ ഡിഫന്‍ഡറാണ് ബെനോവിറ്റ് ബഡിയാഷിലെ. 21കാരനായ താരത്തിന്റെ അനുഭവസമ്പത്താണ് പ്രധാന പ്രശ്‌നം. സെന്റര്‍ ബാക്കില്‍ മികവ് കാട്ടുന്ന താരത്തിന് താരസമ്പന്നമായ ഫ്രാന്‍സ് നിരയില്‍ ഇടം പിടിക്കാനായില്ല. മൊണാക്കോയ്ക്കായി മികവ് കാട്ടിയിട്ടുള്ള താരം നാല് ക്ലീന്‍ ഷീറ്റുകളാണ് നേടിയത്. എന്നാല്‍ ഫ്രാന്‍സിന്റെ ഖത്തര്‍ ലോകകപ്പ് ടീമിലേക്കെത്താന്‍ സാധിക്കാതെ പോയി.
സെര്‍ജിയോ റാമോസ്
ഇത്തവണ സ്‌പെയിന്റെ പ്രതിരോധ നിരയില്‍ സെര്‍ജിയോ റാമോസില്ലെന്നത് ആരാധകരെ വലിയ നിരാശപ്പെടുത്തുന്ന കാര്യമാണ്. അനുഭവസമ്പന്നനായ താരമെന്നതിലുപരിയായി മുന്‍ സ്‌പെയിന്‍ നായകന്‍കൂടിയാണ് റാമോസ്. ഏത് വമ്പന്മാരെയും ഗോള്‍മുഖത്തിന് മുന്നില്‍ പൂട്ടുന്ന റാമോസിന്റെ മിടുക്ക് ഇത്തവണ ഖത്തറില്‍ കാണാനാവില്ല. 2006 മുതലുള്ള ലോകകപ്പിന് ശേഷം ആദ്യമായാണ് റാമോസ് തഴയപ്പെടുന്നത്. നിലവില്‍ പിഎസ്ജിക്കായി കളിക്കുന്ന റാമോസ് തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് റാമോസിനെ തഴയാനുള്ള കാരണം. സ്‌പെയിനായി 180 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരത്തിന് 2021 മുതല്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
മാറ്റ്‌സ് ഹമ്മെല്‍സ്
ജര്‍മനിയുടെ പ്രതിരോധ നിരയില്‍ ഇത്തവണ മാറ്റ്‌സ് ഹമ്മെല്‍സ് ഉണ്ടാവില്ല. നിലവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പ്രതിരോധനിര താരമായ ഹമ്മെല്‍സ് അനുഭവസമ്പന്നനായ താരമാണ്. ക്ലബ്ബിനൊപ്പം മികച്ച ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും ലോകകപ്പ് ടിക്കറ്റ് നേടാനായില്ല. ഒമ്പത് ക്ലീന്‍ ഷീറ്റുകള്‍ ഈ സീസണില്‍ നേടി. 33കാരനായ താരത്തിന്റെ പ്രതിരോധനിരയിലെ പ്രകടനവും ഖത്തറിലെ വലിയ നഷ്ടങ്ങളിലൊന്നാണ്.