KeralaNews

റോഡിന്റെ പരിപാലന കാലാവധി ആറുമാസംമുതൽ മൂന്നുവർഷംവരെ, നിബന്ധനകൾ ഇങ്ങനെ

തിരുവനന്തപുരം:റോഡിന്റെ നിലവാരമനുസരിച്ച് കരാറുകാർക്കുള്ള പരിപാലനകാലാവധി ആറുമാസംമുതൽ മൂന്നുവർഷംവരെ. കാലാവധി അടങ്ങിയ ബോർഡുകൾ ഇനി റോഡുകളുടെ തുടക്കത്തിലും അവസാനത്തിലും സ്ഥാപിക്കും. തിരുവനന്തപുരം നഗരത്തിലെ ഗോൾഫ് ലിങ്ക് റോഡിലാണ് സംസ്ഥാനത്താദ്യമായി ബോർഡ് സ്ഥാപിക്കുക. റോഡിന്റെ കരാറുകാർ ആരൊക്കെ, കരാറുകാരുടെ ഫോൺനമ്പർ, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നമ്പർ എന്നിവയാണ് പ്രദർശിപ്പിക്കുക. പരിപാലനകാലാവധിയുള്ള റോഡിൽ തകർച്ചയുണ്ടായാൽ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ നേരിട്ടറിയിക്കാം. വിവിധ ഘട്ടങ്ങളായി 2500 പദ്ധതികൾക്കാണ് പരിപാലനകാലാവധി ബോർഡുകൾ സ്ഥാപിക്കുക. നിർമാണം പൂർണമായും പൂർത്തിയാക്കി പിന്നീടുള്ള കാലയളവാണ് പരിപാലനത്തിൽ വരുക.

ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് (ബി.എം. ആൻഡ്‌ ബി.സി.) പരിപാലനം-മൂന്നുവർഷം

ഈ നിലവാരത്തിൽ എട്ടുസെന്റീമീറ്റർ കനത്തിലാകും പുതിയതായി റോഡ് നിർമിക്കുക. ഒരു കിലോമീറ്റർ ടാറിടലിന് ഒരു കോടിയാണ് ചെലവ്. ഇതിന്റെ പരിപാലനകാലാവധി മൂന്നുവർഷമാണ്. രണ്ടുപാളിയിലാണ് നിർമാണം. വലിയ മെറ്റൽ ഉറപ്പിച്ചശേഷം ടാറിടുന്ന രീതിയാണ് ഇത്. എം.സി. റോഡിന്റെ നിർമാണം ഇത്തരത്തിലാണ്.

ബി.എം. ആൻഡ്‌ ബി.സി. ഇല്ലാതെയുള്ള റോഡ് പരിപാലനം രണ്ടുവർഷം

കോർപ്പറേഷൻ ഇടറോഡുകൾ, ഗ്രാമീണ റോഡുകൾ ഇത്തരത്തിലാണ് നിർമിക്കുക. രണ്ടുസെന്റീമിറ്റർ കനത്തിലാകും ടാറിടൽ. ഒരു കിലോമീറ്റർ ചെയ്യാൻ 25-30 ലക്ഷം വരെയാണ് ചെലവ്.

ഉപരിതലനിർമാണം(ബി.എം. ആൻഡ്‌ ബി.സി. റോഡിന്റെ) പരിപാലനം രണ്ടുവർഷം

ചിലയിടങ്ങളിൽ ബി.എം. ആൻഡ്‌ ബി.സി. ചെയ്ത റോഡുകളിൽ ഉപരിതലംമാത്രം ടാർ ചെയ്യാറുണ്ട്. ഇവിടെ ആദ്യഘട്ടത്തിലുള്ള മെറ്റൽ കൊണ്ടുള്ള ഉറപ്പിക്കൽ ആവശ്യമില്ല. എം.സി. റോഡിൽത്തന്നെ ചിലയിടങ്ങളിൽ ഇത്തരം രീതി നടപ്പാക്കുന്നുണ്ട്. സംസ്ഥാനപാതകളിൽ പൊളിഞ്ഞ ഭാഗങ്ങൾ ഇങ്ങനെ നന്നാക്കുന്നുണ്ട്.

കോൺക്രീറ്റ് റോഡ് പരിപാലനം -മൂന്നുവർഷം

ആലപ്പുഴ നഗരാസൂത്രണപദ്ധതിയിൽ പല റോഡുകളും കോൺക്രീറ്റിലാണ് നിർമിക്കുന്നത്. 15മുതൽ 25 സെന്റീമീറ്റർവരെ വിവിധ കനത്തിലാകും നിർമാണം. റോഡിന്റെ ആയുസ്സും കൂടുതലാണ്. കനമനുസരിച്ചാണ് മൂന്നുവർഷംവരെയുള്ള പരിപാലനകാലാവധി.

*സാധാരണ അറ്റകുറ്റപ്പണിക്ക് പരിപാലനകാലാവധി ആറുമാസമാണ്. കുഴിയടയ്ക്കൽ ഇതിൽവരും.

*പാലങ്ങളുടെയും കെട്ടിടങ്ങളുടെയും പരിപാലനകാലാവധി മൂന്നുവർഷമാണ്. തെർമോ പ്ലാസ്റ്റിക് പെയിന്റുപയോഗിച്ച് റോഡിൽ അടയാളപ്പെടുത്തലിന്റെ പരിപാലനം ഒരുവർഷമാണ്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button