പുത്തുമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ മൃതദേഹത്തേച്ചൊല്ലി തർക്കം. ഇന്നലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡിഎൻഎ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കൾ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്. അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നൽകി ബന്ധുക്കൾക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരിശങ്കറിന്റെ ബന്ധുക്കൾ തർക്കവുമായി എത്തിയത്. അതോടെ ദഹിപ്പിക്കുന്നതിന് തൊട്ട് മുമ്പ് മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. ഇത് വരെ 46 മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം 13 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്നലെ ഭൂഗർഭ റഡാറുപയോഗിച്ച് തെരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ശാസ്ത്രീയ മാർഗങ്ങളെല്ലാം പരാജയപ്പെട്ടതിനാൽ സാധാരണ രീതിയിൽ തന്നെയാവും തെരച്ചിൽ.