26.6 C
Kottayam
Friday, May 10, 2024

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം, സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ എടുത്തിട്ടുള്ളൂ’ നഷ്ടപ്പെട്ടെന്നു കരുതിയ പഴ്‌സ് തിരികെ ലഭിച്ചപ്പോള്‍ കൂടെ ഒരു കത്തും

Must read

കോട്ടയം: ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പില്‍ എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്ത് വൈറലാകുന്നു. നഷ്ടപ്പെട്ട വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ച് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് കത്ത്. ഈ മാസം 17നു ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വെച്ച് സബീഷിന്റെ പഴ്സ് നഷ്ടപ്പെട്ടിരുന്നു. ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ പഴ്സിലുണ്ടായിരുന്നു.

ഈ പഴ്സ് കൊറിയര്‍ വഴി സബീഷിന് ആരോ അയച്ചു കൊടുക്കുകയായിരുന്നു. മകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞ്, അതു തിരുത്താനും സുരക്ഷിതമായി പഴ്സ് മടക്കി നല്‍കാനും ആ മാതാപിതാക്കള്‍ കാണിച്ച നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തില്‍ കൊറിയറിനൊപ്പം ഉണ്ടായിരുന്ന കത്ത് സബീഷ് പരസ്യമാക്കുകയായിരുന്നു.

‘എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണു പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം’. എന്നായിരുന്നു കത്തിലെ വരികള്‍.

പഴ്സ് നഷ്ടമായതിനെത്തുടര്‍ന്നു പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായും പഴ്സ് കണ്ടെത്തിയ കുഞ്ഞിനെയും മാതാപിതാക്കളെയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ക്കു നല്‍കാന്‍ സമ്മാനപ്പൊതിയും മധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് കത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week