ന്യൂഡല്‍ഹി: രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആവശ്യം അംഗീകരിച്ച് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് (Punjab Election) തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഫെബ്രുവരി 14 ന് നടത്താനാൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് 20 ലേക്കാണ് മാറ്റിയത്. ഗുരു രവി ദാസ് ജയന്തി ആഘോഷം കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. നേരത്തെ രാഷ്ട്രീയ പാർട്ടികൾ തിയ്യതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മീഷൻ യോഗം ചേർന്നാണ് തീരുമാനം.
ഗുരു രവിദാസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യം ആദ്യം ഉന്നയിച്ചത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയായിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിലുള്ളവർ ഈ സമയത്ത് വാരണസിലേക്ക് പോകുന്നതിനാൽ തിയ്യതി മാറ്റണമെന്നാണ് ചന്നി ആവശ്യപ്പെട്ടത്. പിന്നാലെ ബിജെപി, ബിഎസ്പി, ആംആദ്മി പാർട്ടി ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചു. തുടർന്നാണ് ഇന്ന് കൂടിയ കമ്മീഷന്റെ യോഗത്തിൽ ഇക്കാര്യം ചർച്ചയായത്. ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം.
ഇതിനിടെ പഞ്ചാബിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസിനെതിരെ കലാപക്കൊടി ഉയർത്തിയ മുഖ്യമന്ത്രി ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ്ങിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ്ങിനാണ് ബസി പത്താന മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. മുഖ്യമന്ത്രി സ്ഥാനാർത്ഥ്വത്തെ ചൊല്ലി ചന്നിയും നവജ്യോത് സിങ്ങ് സിദ്ദും തമ്മിൽ തർക്കം തുടരുന്നതിനിടെ ചന്നി കുടുംബത്തിൽ നിന്ന് റിബൽ സ്ഥാനാർത്ഥി കൂടി എത്തുന്നത്.
അതേ സമയം ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പതിനഞ്ച് ലക്ഷം പേർ പങ്കെടുത്തെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. അതിനിടയിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി ഫിറോസ്പൂരിൽ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ആഷു ബാംഗർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. നേതൃത്വത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് രാജി. കുത്തക കമ്പനി പോലെയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നാണ് ആഷു ബാംഗർ ഉയർത്തുന്ന ആക്ഷേപം.