KeralaNews

നടിയെ ആക്രമിച്ച കേസ്; സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിന്‍സന്‍.

ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ട്. ആലുവയിലെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി പറയുന്നു. ദിലീപിനൊപ്പം സുനിയെ പല തവണ കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത് വന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതായി എഫ്‌ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എസ്പി കെ എസ് സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു.ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തല്‍. 2017 നവംബര്‍ 15നായിരുന്നു ഗൂഡാലോചന നടന്നത്.

‘തന്നെ കൈവച്ച കെ എസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്ന് ദിലീപ് ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകള്‍ എടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ്. കേസ് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button