തൃശൂര്‍: ബംഗളൂരു മോഡല്‍ പബ്ബുകള്‍ സംസ്ഥാനത്തും തുടങ്ങാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളുരു ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ നിലവില്‍ പബ്ബുകള്‍ സജീവമാണ്, എന്നാല്‍ കേരളത്തില്‍ ഒരിടത്തും ‘പബ്ബ്’ സൗകര്യം നിലവില്ല. ടെലിവിഷന്‍ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐടി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പബ്ബ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാത്രി വൈകി ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനു സൗകര്യമില്ലെന്ന പരാതിയുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം ബവ്റിജസ് കോര്‍പറേഷനില്‍ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. നല്ല രീതിയില്‍ സജ്ജീകരിച്ച കടയില്‍ നിന്ന് സാധനങ്ങള്‍ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരണമെന്നുള്ള നിര്‍ദേശത്തോടും അദേഹം യോജിച്ചു.