പാരീസ്: അര്‍ജന്‍റീനിയൻ ഇതിഹാസം ലിയോണൽ മെസിയുടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ച് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. പ്രീമിയർ ലീഗിലെ ഗോൾവേട്ടക്കാരനെയാണ് പാരിസ് ക്ലബ് നോട്ടമിട്ടിരിക്കുന്നത്. ലിയോണൽ മെസി അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് പി എസ് ജി പകരക്കാരനെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഈ സീസണിൽ മികച്ച ഫോമിലാണങ്കിലും ഖത്തർ ലോകകപ്പിന് ശേഷം പി എസ് ജി ആരാധകർ മെസിയോട് മോശമായാണ് പെരുമാറുന്നത്.
ഫ്രാൻസിനെ തോൽപിച്ച് അർജന്‍റീന കിരീടം നേടിയതാണ് കാരണം. മെസി ബാഴ്സലോണയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം അടുത്ത സീസണിൽ ബാഴ്സ നിരയിൽ ഉണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട ആരാധകർക്ക് ഉറപ്പ് നൽകിക്കഴിഞ്ഞു. മെസിക്ക് പകരം ടോട്ടനം നായകൻ ഹാരി കെയ്നെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമം. പ്രീമിയർ ലീഗിൽ ഗോളടിച്ച് കൂട്ടുന്ന കെയ്നെ സ്വന്തമാക്കിയാൽ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് സ്വപ്നം സഫലമാക്കാമെന്നും പാരിസ് ക്ലബ് വിശ്വസിക്കുന്നു.
കെയ്ൻ 313 കളിയിൽ ടോട്ടനത്തിനായി 206 ഗോൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനും കെയ്നാണ്. 82 കളിയിൽ 55 ഗോൾ താരം ഇതിനകം കുറിച്ച് കഴിഞ്ഞു. ആകെ 575 കളിയിൽ 345 ഗോളും കെയ്ന്റെ പേരിനൊപ്പമുണ്ട്. ടോട്ടനം നായകനെ സ്വന്തമാക്കാൻ 90 ദശലക്ഷം യൂറോയിലധികം പിഎസ്ജി മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെയ്നെ ടീമിലെത്തിക്കണമെന്ന് കിലിയൻ എംബാപ്പേ നേരത്തേ തന്നെ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
മെസ്സി ബാഴ്സയിലേക്ക് മടങ്ങുകയാണെന്ന് ഉറപ്പായതിനാൽ പി എസ് ജിയിൽ തുടരുമെന്ന് കിലിയൻ എംബാപ്പേയും വ്യക്തമാക്കിയിരുന്നു. റയൽ മാഡ്രിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് എംബാപ്പേ അടുത്ത സീസണിലും ടീമിലുണ്ടാവുമെന്ന് അറിയിച്ചത്. എംബാപ്പേയ്ക്ക് താൽപര്യമുള്ള താരങ്ങളെയാവും പിഎസ്‌ജി ഇനി ടീമിൽ ഉൾപ്പെടുത്തുക.
അതുകൊണ്ടുതന്നെ ഫ്രഞ്ച് ക്ലബിൽ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ ജൂനിയറുടെ ഭാവിയെന്താകുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പരിക്കേറ്റ് പുറത്തായ ബ്രസീലിയൻ താരത്തിന് എംബാപ്പേയുമായി നല്ല ബന്ധമല്ല ഉള്ളത്. മെസിക്കൊപ്പം നെയ്മറും ബാഴ്സലോണയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.