ഒന്നുകില്‍ വീണ്ടും വോട്ടെണ്ണുക അല്ലെങ്കില്‍ അസാധുവായി പ്രഖ്യാപിക്കുക; വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഇരച്ചെത്തി ട്രംപ് അനുകൂലികള്‍: കനത്ത പ്രക്ഷോഭം
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ രംഗത്ത്. മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ് ട്രംപ് അനുകൂലികള്‍ തടിച്ചുകൂടിയിരിക്കുന്നത്. ബുധനാഴ്ച പ്രധാനമായ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുളള ഫലം ട്രംപിന് പ്രതികൂലമായതോടെയാണ് വോട്ടെണ്ണല്‍ നിര്‍ത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കെത്തിയത്.
ഡിട്രോയിറ്റിലും ഫീനിക്‌സിലും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇവിടെ രണ്ടിടത്തും ട്രംപിന് അനുകൂലമല്ല കാര്യങ്ങള്‍. അതേസമയം ട്രംപ് വിരുദ്ധര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും തെരുവിലുണ്ട്. വന്‍ സുരക്ഷയിലാണ് പല വോട്ടെണ്ണല്‍ കേന്ദ്രവുമുള്ളത്. ഏത് സമയവും അക്രമം ഉണ്ടാവാമെന്നാണ് വിലയിരുത്തല്‍.തപാല്‍ ബാലറ്റുകളുടെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍സ് സംശയം ഉയര്‍ത്തുകയും ട്രംപ് തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് അനുകൂലികളുടെ പ്രതിഷേധം. നിരവധി സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍സ് സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.
ഇതിനിടെ, ന്യൂയോര്‍ക്ക് സിറ്റി മുതല്‍ സിയാറ്റില്‍ വരെ ആയിരക്കണക്കിന് ഡെമോക്രാറ്റുകള്‍ എല്ലാ വോട്ടുകളും എണ്ണണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടെണ്ണല്‍ നടപടികളുടെ തത്സമയ സംപ്രേക്ഷണം പുറത്തെത്തുന്നുണ്ട്. മാത്രമല്ല, ബാലറ്റുകള്‍ എണ്ണുമ്ബോള്‍ ഇരുപക്ഷത്തിന്റെയും നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നതും.
വോട്ടിംഗിലും ബാലറ്റ് എണ്ണുന്നതിലും കൃത്രിമം കാണിച്ചെന്നാണ് ട്രംപ് ആരോപിക്കുന്നത്. മെയില്‍ ഇന്‍ വോട്ടുകളെ കുറിച്ചാണ് ട്രംപിന്റെ പരാതി വിവിധ സംസ്ഥാനങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നുകില്‍ വീണ്ടും വോട്ടെണ്ണുക അല്ലെങ്കില്‍ അസാധുവായി പ്രഖ്യാപിക്കുക എന്നതാണ് ട്രംപിന്റെ ആവശ്യം.
ഫീനിക്‌സിലെ മരിക്കോപ്പ കൗണ്ടി ഇലക്ഷന്‍ സെന്ററിലാണ് പ്രക്ഷോഭകര്‍ ട്രംപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്. ഫോക്‌സ് ന്യൂസിനും തെറിവിളിയുണ്ടായിരുന്നു. ഫോക്‌സ് ന്യൂസ് സക്‌സ് എന്നായിരുന്നു പ്രക്ഷോഭര്‍ വിളിച്ച് പറഞ്ഞത്. നേരത്തെഅരിസോണയിലെ ജോ ബൈഡന്റെ ജയം ആദ്യം പുറത്തുവിട്ടത് ഫോക്‌സ് ന്യൂസായിരുന്നു. അരിസോണയില്‍ നിന്നുള്ള റിപബ്ലിക്കനും ട്രംപിന്റെ കടുത്ത അനുയായിയുമായ പോള്‍ ഗോസറും പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നു. നമ്മള്‍ ഈ തെരഞ്ഞെടുപ്പിനെ തട്ടിയെടുക്കാന്‍ അനുവദിക്കില്ല, അതില്‍ മറിച്ചൊരു ചോദ്യവുമില്ല എന്നാണ് ഗോസര്‍ ഇവരോട് പറഞ്ഞു.