ചെന്നൈ: മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്‌ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സിനിമയിൽ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. രാഷ്ട്രീയപ്പാർട്ടിയായ തമിഴക മക്കൾ ജനനായക കക്ഷി(ടി.എം.ജെ.കെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നൽകുന്നത്.
തിരുനെൽവേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂർ, വെല്ലൂർ, ഗൂഡല്ലൂർ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. സിനിമയുടെ റിലീസ് തടയാൻ തമിഴ്നാട് സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് പാർട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാൽ സിദ്ദിഖി ആവശ്യപ്പെട്ടു.
കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശിവകാർത്തികേയനും കമൽഹാസനുമെതിരേ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. കമലിനെയും ശിവകാർത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേജർ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങളെ നേരിടുന്ന ഇന്ത്യൻ കരസേനയെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ടീസർ വ്യക്തമാക്കുന്നത്. രാജ്യം അശോക ചക്ര നൽകി ആദരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോർട്ടുകളുണ്ട്.
2014 ജമ്മു-കശ്മീരിലെ ഷോപിയാൻ ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നയിച്ച മുകുന്ദ് വരദരാജൻ പോരാട്ടത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചിരുന്നു.