സംവിധായകന്‍ വിനയന്‍ കബളിപ്പിച്ചു; താനും ഭാര്യയും വിനയന്റെ വീടിന് മുന്നില്‍ പട്ടിണി സമരം നടത്തി മരിക്കുമെന്ന് നിര്‍മാതാവ്
പത്തനംതിട്ട: സംവിധായകന്‍ വിനയന്‍ ചതിച്ചുവെന്ന ആരോപണവുമായി നിര്‍മാതാവ്. വൈറ്റ് ബോയ്സ്, ഹിസ്റ്ററി ഓഫ് ജോയ് എന്നീ സിനിമകളുടെ നിര്‍മാതാവ് കലഞ്ഞൂര്‍ സ്വദേശിയായ ടി.എസ്. ശശിധരന്‍ പിള്ളയാണ് വിനയനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ജോയ് പരാജയപ്പെട്ടതോടെയാണ് താന്‍ കടക്കെണിയിലാണെന്ന് ശശിധരന്‍ പിള്ള പറയുന്നു.
ജയസൂര്യയെയും വിനയന്റെ മകന്‍ വിഷ്ണുവിനെയും നായകരാക്കി ഒരു കോടി രൂപ ബജറ്റിട്ടാണ് സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍ മൊത്തം ചെലവ് 2.5 കോടിയായി. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് ജയസൂര്യയെ കിട്ടില്ല എന്ന് അറിയിച്ചു. ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പകരം വിനയ് ഫോര്‍ട്ടിനെ കൊണ്ടു വന്നു. വീടും സ്ഥലവും വസ്തുവകകളും വിറ്റു. ഏറ്റവുമൊടുവിലായി 19 സെന്റും പഴയ വീടും അടങ്ങുന്ന പുരയിടം 35 ലക്ഷം രൂപയ്ക്ക് കെ.എസ്.എഫ്.ഇയില്‍ പണയം വച്ചു.
പടം സാമ്പത്തിക വിജയം നേടിയില്ല. സാറ്റലൈറ്റ് റേറ്റ് ഒരു കോടി കിട്ടുമെന്ന് പറഞ്ഞ് വിനയന്‍ സമാധാനിപ്പിച്ചു. പാം സ്റ്റോം എന്ന കമ്പനിയ്ക്ക് മൂന്നു ലക്ഷം രൂപയ്ക്ക് സിനിമയുടെ സി.ഡി റൈറ്റ് വില്‍ക്കാന്‍ വിനയന്‍ നിര്‍ദേശിച്ചു. മൂന്നുലക്ഷം രൂപയ്ക്കാണ് അവകാശം കൊടുത്തത്. പിന്നീട് ഈ സിനിമ ആമസോണ്‍ പ്രൈമില്‍ ഓടുന്നെന്ന് അറിഞ്ഞു. സി.ഡി റൈറ്റ് ഒപ്പിട്ടു കൊടുത്ത കരാറില്‍ പുതിയ നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് ആമസോണിന് സിനിമ നല്‍കിയത് എന്നും ശശിധരന്‍ പിള്ള ആരോപിച്ചു.
32 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും ലഭിച്ച പണം കൊണ്ടാണ് നാട്ടില്‍ പടം പിടിക്കാനെത്തിയത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ സകല സ്വത്തും നഷ്ടമായി. 35 ലക്ഷം വായ്പ തിരിച്ച് അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ജപ്തി നടപടിയായി. ജനീഷ്‌കുമാര്‍ എം.എല്‍.എ ഇടപെട്ട് ജപ്തി നടപടി നീട്ടി വയ്പിച്ചു. 35 ലക്ഷം രൂപ തന്ന് വീടും സ്ഥലവും തിരിച്ച് എടുത്തു തരണമെന്നും അല്ലാത്ത പക്ഷം താനും ഭാര്യയും വിനയന്റെ വീടിന് മുന്നില്‍ പട്ടിണി സമരം നടത്തി മരിക്കുമെന്നും ശശിധരന്‍ പിള്ള പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.