മമ്മൂട്ടിക്ക് പകരം ബിജു മേനോനെ കൊണ്ടു വന്നു; സിനിമ പരാജയപ്പെട്ട് നിർമ്മാതാവ് കടക്കെണിയിലായി
കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മധുരനൊമ്പരക്കാറ്റ്. ഇന്നും സിനിമാപ്രേമികള്‍ മധുരനൊമ്പരക്കാറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ബിജു മേനോനും സംയുക്ത വര്‍മയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ ആയിരുന്നു. രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
വിദ്യാസാറിന്റേതായിരുന്നു സംഗീതം. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രതിഭകള്‍ അണിനിരന്ന ചിത്രമായിരുന്നു മധുരനൊമ്പരക്കാറ്റ്. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ചിത്രത്തെ തേടിയെത്തി. എന്നാല്‍ ഈ ചിത്രം തീയേറ്ററില്‍ വലിയ പരാജയമായിരുന്നു. ചിത്രത്തിന്‌റെ നിര്‍മ്മാതാവിന് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇപ്പോഴിതാ മധുരനൊമ്പരക്കാറ്റിന് സംഭവിച്ചത് എന്താണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ കുമാര്‍ നന്ദ വെളിപ്പെടുത്തുകയാണ്.
ചിത്രത്തില്‍ സംവിധായകന്‍ കമല്‍ ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നുവെന്നാണ് നന്ദ പറയുന്നത്. ഇതേതുടര്‍ന്ന് താന്‍ മമ്മൂട്ടിയെ കണ്ടു. എന്നാല്‍ അത്ര പരിചിതമല്ലാത്തെ മുഖം വേണമെന്നായിരുന്നു തന്റെ ചിന്ത. അങ്ങനെ മമ്മൂട്ടിയെ മാറ്റി ബിജു മേനോനെ നായകനാക്കി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മധുരനൊമ്പരക്കാറ്റ് വലിയ വിജയമായിരിക്കില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ നല്ല സിനിമയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ചിത്രത്തിന്റെ നിര്‍മ്മാതാവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. 80 ദിവസത്തിലധികം ചിത്രീകരണം നടന്നിരുന്നു.
പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ചായിരുന്നു അതിലെ കാറ്റുകളൊക്കെ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ സിനിമ തീയേറ്ററില്‍ പരാജയമായിരുന്നു. സിനിമ എന്നത് ഭാഗ്യത്തിന്റെ കൂടി കാര്യമാണ്. അന്ന് തനിക്കൊപ്പം ഭാഗ്യമുണ്ടായിരുന്നില്ല. ചിത്രം പരാജയമായിരുന്നു. വലിയ നഷ്ടം വന്നു. ഇന്നും നഷ്ടമുണ്ട്. എന്നാല്‍ ഇന്നും തന്നെ ആളുകള്‍ വിളിക്കുന്നതും അംഗീകരിക്കുന്നതും എവിടെ ചെന്നാലും ഒരു കസേരയിട്ടു തരുന്നതുമെല്ലാം ആ സിനിമയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെന്നത് പലപ്പോഴും ഭാഗ്യത്തിന്റെ കളികള്‍ കൂടിയാണ്. നല്ല കഥയോ നല്ല അഭിനേതാക്കളോ ഉണ്ടായതു കൊണ്ടോ നല്ല സിനിമായയത് കൊണ്ടോ ചിത്രം വിജയിക്കണമെന്നില്ല. ഇന്ന് ടിവിയില്‍ എപ്പോള്‍ വന്നാലും യാതൊരു മടുപ്പുമില്ലാതെ ആവേശത്തോടെ ഇരുന്നു കാണുന്ന പല സിനിമകളും തീയേറ്ററില്‍ പരാജയപ്പെട്ടതായിരുന്നുവെന്ന് പറഞ്ഞാല്‍ നമ്മള്‍ വിശ്വസിക്കില്ല. ധാരാളം സിനിമകളുണ്ട് ഇത്തരത്തില്‍.