കല്‍പ്പറ്റ: അച്ഛനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്നു ജീവനക്കാര്‍ തള്ളിയിട്ടതായി പരാതി. അച്ഛന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി. തുടയെല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് മീനങ്ങാടിയിലാണ് സംഭവം. കാര്യമ്പാടി സ്വദേശി ജോസഫിന് നേര്‍ക്കാണ് അതിക്രമം ഉണ്ടായത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം ഉണ്ടായത്. മീനങ്ങാടിക്ക് അടുത്ത് 54 എന്ന സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതായിരുന്നു ജോസഫും മകള്‍ നീതുവും. അവിടെ ബി എഡ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അതുകൊണ്ടു തന്നെ നിരവധി കുട്ടികള്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാനായി നീതു ഇറങ്ങും മുമ്പ് ബസ് എടുത്തു. ഇതോടെ നീതു ബസിന് അടിയിലേക്ക് പോയി. പെട്ടെന്ന് റോഡിലേക്ക് ഉരുണ്ടതോടെ നീതു ചക്രത്തിന് അടിയില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനിടെ മകള്‍ ഇറങ്ങും മുമ്പ് ബസ്സ് സ്റ്റാര്‍ട്ട് ചെയ്തത് ചോദ്യം ചെയ്ത് ജോസഫ് വീണ്ടും ബസ്സിലേക്ക് കയറി.
ഇതോടെ പ്രകോപിതരായ ബസ്സ് ജീവനക്കാര്‍ ജോസഫിനെ പുറത്തേക്ക് തള്ളുകയായിരുന്നുവെന്ന് നീതു പറഞ്ഞു. താഴെ വീണ ജോസഫിന്റെ തുടയിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. മുട്ടുചിരട്ട പൊടിഞ്ഞുപോയി. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബസ്സ് തടഞ്ഞ നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ജോസഫിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. നീതുവിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.