‘സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ’; വൈറലായി താരദമ്പതികളുടെ ചിത്രം!

കൊച്ചി:മലയാള സിനിമയുടെ അഹങ്കാരമായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. പല പുതുമുഖ താരങ്ങളും ഇന്ന് മോഡലാക്കുന്നത് പൃഥ്വിരാജ് സുകുമാരന്റെ ജീവിതമാണ്. താരപുത്രൻ, നെപ്പോട്ടിസം എന്നൊക്കെ ആളുകൾ പറയുമെങ്കിലും പ‍ൃഥ്വിരാജ് ഇന്ന് മലയാളത്തിലെ മുൻനാരി നായകനായി ഉയർന്നുവന്നത് സ്വന്തം കഴിവും പ്രയത്നവും ഒന്ന് കൊണ്ട് മാത്രമാണ്.

അന്നും ഇന്നും അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ പറയുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ.

അതുകൊണ്ട് തന്നെ തുടക്കത്തിൽ പൃഥ്വിരാജിനെ ഡീ​ഗ്രേഡ് ചെയ്യാൻ മാത്രം വലിയൊരു വിഭാ​ഗം ആളുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഇൻ‌‍ഡസ്ട്രിയിൽ പിടിച്ച് നിന്ന് തന്റെ സ്വപ്നങ്ങൾ ഓരോന്നായി പൃഥ്വിരാജ് നേടി കഴിഞ്ഞു. മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വേണെങ്കിലും പൃഥ്വിയെ വിശേഷിപ്പിക്കാം.

പൃഥ്വിയുടെ വിജയങ്ങൾക്ക് കൂട്ടായി ഇപ്പോൾ ഭാര്യ സുപ്രിയയുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് സുപ്രിയയാണ്. ഇപ്പോഴിത പൃഥ്വിരാജ് സോഷ്യൽമീഡിയിൽ പങ്കുവെച്ചൊരു ഫോട്ടോയാണ് വൈറലാകുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടനവധി ആരാധകരുള്ള താരജോഡികളായ സൂര്യയേയും ജ്യോതികയേയും സന്ദർശിച്ച ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്നാണ് സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്.

ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായും പൃഥ്വിരാജിന് സൗഹൃദമുണ്ട്. മറ്റ് ഭാഷ ചിത്രങ്ങൾ മിക്കവയും മൊഴിമാറ്റി കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നതിൽ പ്രധാനിയും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

ഫോട്ടോ വൈറലയാതോ‌ടെ ആരാധകരും നിരവധി രസകരമായ കമന്റുകൾ പങ്കുവെച്ച് എത്തി. ‘അപ്പോ സൂര്യയുടെ പുതിയ പടത്തിന്റെ കഥയും രാജുവേട്ടന്റെ മനസിൽ ഭദ്രം, സൂര്യയുടെ പുതിയ പടത്തിൻ്റെ കഥ ലീക്കായി’

‘രണ്ട് പേരെയും കണ്ടാൽ ജേഷ്ഠാനുജന്മാരെ പോലെ തോന്നുന്നു, സൂര്യയുടെ ഏതോ ഒരു പുതിയ സിനിമയുടെ കഥ അറിഞ്ഞിട്ടുള്ള നിൽപ്പാണ് പൃഥ്വിയുടേത്, നാളെ റോളക്സിന്റെ കഥ രാജുവേട്ടൻ പറയും’ തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. റോളക്സിന്റെ അനിയനായി ഇനി പൃഥ്വിരാജ് അഭിനയിക്കുമോ എന്നുള്ള സംശയവും ചില ആരാധകർ പ്രകടിപ്പിച്ചു.

വിക്രം, റോക്കട്രി എന്നിവയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സൂര്യ സിനിമകൾ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്.

വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് കാതല്‍ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധയിലുള്ള ചിത്രമാണ് കാതല്‍. കാപ്പയാണ് പൃഥ്വിരാജിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2023 ല്‍ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇരിക്കുകയാണ് പൃഥ്വി. വിലായത്ത് ബുദ്ധയാണ് ഇപ്പോള്‍ പൃഥ്വി ചെയ്യുന്ന ചിത്രം.

അന്യഭാഷയില്‍ അടക്കം ഒരുപിടി പ്രൊജക്ടുകള്‍ താരത്തിനുണ്ട്. അതിനിടയില്‍ ബോളിവുഡിലെ പൃഥ്വിയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ സെല്‍ഫി ഉടന്‍ പുറത്തിറങ്ങും. ഇതിന്‍റെ ട്രെയിലര്‍ അടുത്തിടെയാണ് ഇറങ്ങിയത്. ബ്ലെസിയുടെ ആടുജീവിതവും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വിക്രത്തിൽ വെറും അഞ്ച് മിനിറ്റ് സീനിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും എക്കാലത്തേക്കും ആരാധകരുടെ മനസിൽ രജിസ്റ്ററായി കഴിഞ്ഞു റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version