വയനാട്: സ്‌കൂള്‍ പരിസരത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്ത പ്രധാന അധ്യാപകനെ പഞ്ചായത്തീരാജ് ചട്ടപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ പഞ്ചാത്താണ് തെങ്ങുമുണ്ട സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പി.കെ. സുരേഷിനെതിരെ നടപടി സ്വീകരിച്ചത്.
പടിയാറത്തറ പഞ്ചായത്തിലെ നിരവധി ഹോട്ടലുകളിലും റസ്റ്റൊറന്റുകളിലും ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടയുള്ള മാലിന്യങ്ങളാണ് തെങ്ങുമുണ്ട ജിഎല്‍പി സ്‌കൂളിന് പിന്‍വശം തള്ളിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
എന്നാല്‍ രണ്ടാമതും പഞ്ചായത്ത് വാഹനത്തില്‍ മാലിന്യവുമായി എത്തിയപ്പോള്‍ ഇത് സ്‌കൂളിലെ പിടിഎ പ്രസിഡന്റും പ്രധാന അധ്യാപകനും ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിരാജ് ചട്ടപ്രകാരം അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്.
പഞ്ചായത്തിരാജ് നിയമത്തിലെ 156/6 ബി ചട്ടപ്രകാരമാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പഞ്ചായത്ത് അറിയിച്ചു. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷവും അധ്യാപകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.