ഡയാന രാജ്ഞിയുടെ വസ്ത്രം ലേലത്തിന്; വില കേട്ടാല്‍ ഞെട്ടും
ഡയാന രാജകുമാരി അണിഞ്ഞിരുന്ന വസ്ത്രം ലേലത്തിന്. 1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള സില്‍ക്ക് വസ്ത്രമാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ജനുവരി 27-ന് ന്യൂയോര്‍ക്കിലാണ് ലേലം. ഒരു കോടിയോളം രൂപ ലേലത്തില്‍ നിന്നും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്റ്റീസ് ചാരിറ്റി ലേലത്തിലേക്ക് രാജകുമാരി 1997-ല്‍ 19-ഓളം വസ്ത്രങ്ങള്‍ സംഭാവന ചെയ്തിരുന്നു. അന്ന് ലേലത്തില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ ഒന്നായിരുന്നു ഇതും. പര്‍പ്പിള്‍ നിറമുള്ള സില്‍ക്ക് വസ്ത്രം അന്ന് നേടിയത് 19 ലക്ഷം രൂപയായിരുന്നു. 1989-ല്‍ വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് നിലവില്‍ ലേലത്തില്‍ വച്ചത്.
വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉള്ളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ് വ്യക്തമാക്കി. 1991-ല്‍ ഡഗ്ലസ് ആന്‍ഡേര്‍സണ്‍ ഇതേ വസ്ത്രം ധരിച്ച് ഡയാനയുടെ ചിത്രം വരച്ചിരുന്നു. 1988-ല്‍ ഫ്രാന്‍ങ്ക്‌ലിന്‍ മിന്റിന്റെ ലിമിറ്റഡ് എഡിഷന്‍ ഡയാന ഡോളിന്റെ ഭാഗമാകാനും വസ്ത്രത്തിന് സാധിച്ചു. ഏറ്റവും മികച്ച വസ്ത്രം ധരിച്ചുള്ള 1000 പാവകളില്‍ ഒന്നായിരുന്നു ഇത്.
ഡയാനയുടെ വസ്ത്രത്തിന് പുറമെ മറ്റു ശ്രദ്ധേയമായ വസ്തുക്കളും 27-ന് നടക്കുന്ന ലേലത്തിന്റെ ഭാഗമാകും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി യുടെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിന്റെ ടിക്കറ്റും 2013 എന്‍ ബി എ ഫൈനലില്‍ ലെബ്രോണ്‍ ജയിംസ് ധരിച്ച ജര്‍സിയുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
അതേസമയം, ഡയാന രാജകുമാരി ഒന്നിലധികം തവണ ധരിച്ചിട്ടുള്ള കുരിശിന്റെ ചിന്നമുള്ള ഒരു പെന്‍ഡന്റും ലേലത്തിന്റെ ഭാഗമായി വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ആഭരണവ്യാപാരിയായിരുന്ന ജെറാഡായിരുന്നു പെന്‍ഡന്റ് രൂപകല്‍പന ചെയ്തത്.