തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; അനിശ്ചിതത്വം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വര്‍ഗീസിന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പളളിയില്‍ സംസ്‌കാരത്തിന് നാട്ടുകാര്‍ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികള്‍ക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാര്‍ തടഞ്ഞത്. സംസ്‌കാരത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇന്നലെയാണ് വൈദികന്‍ മരണപ്പെടുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൈദികന്‍ ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയാക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടര്‍ന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതും ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടതും.
അതേസമയം, വൈദികന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.വൈദികന്‍ ചികിത്സയിലിരുന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ 15 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് വാര്‍ഡുകള്‍ അടച്ചു.മെഡിക്കല്‍ കോളജില്‍ ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.ഫാ. കെ.ജി.വര്‍ഗീസിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 50 ഓളം പേരാണ് ഉള്ളത്. ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം വൈദികന് വൈറസ് ബാധയേറ്റത് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നാണ് സൂചന. ഒന്നര മാസത്തോളം മുമ്പ് ബൈക്ക് അപടകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെടുകയും, ഒരു മാസക്കാലം അവിടെ ചികിത്സയില്‍ കഴിയുകയും ചെയ്ത വൈദികന് ഈ കാലയളവിലാണ് മാരകമായ കൊവിഡ് രോഗം പകര്‍ന്നതെന്നാണ് വിവരം.
ശ്വാസകോശത്തിലെയും രക്തത്തിലെയും അണുബാധ കാരണം ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ഇന്നലെ പുലര്‍ച്ചെ 5.20 ന് മരിച്ച ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നതായി ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിനു സമീപത്തു തന്നെ വാര്‍ഡില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ളാസ്റ്റിക് ബാഗിലാക്കി കുന്നുകൂട്ടിയിട്ടിരിക്കുന്നത് അണുപ്രസരത്തിന് വഴിവയ്ക്കുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
കൊവിഡ് രോഗികള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും ഉള്‍പ്പെടെയുള്ള മലിനവസ്തുക്കള്‍ ദിവസവും നൂറുകണക്കിനു പേര്‍ വാര്‍ഡിലേക്കു കയറിയിറങ്ങുന്ന വഴിയില്‍ത്തന്നെ നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ഫാ.റെജി ലൂക്കോസിന്റെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ ഏപ്രില്‍ 20 നാണ് ഫാ. കെ.ജി. വര്‍ഗീസിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മെയ് 20 വരെ ഇദ്ദേഹം ഇവിടെ ചികിത്സയില്‍ തുടര്‍ന്നതായി ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പു തന്നെ വ്യക്തമാക്കുന്നുണ്ട്. പിന്നീടാണ് തുടര്‍ചികിത്സയ്ക്കായി വൈദികനെ പേരൂര്‍ക്കടയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ഹൃദയമിടിപ്പിലെ വ്യതിയാനവും ശ്വാസതടസ്സവും കാരണം ഇദ്ദേഹത്തെ മേയ് 31 ന് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ന്യൂമോണിയ സ്ഥിരീകരിച്ചതിനാല്‍ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും, പരിശോധനാഫലം എത്തിയത് ഇന്നലെ ഉച്ചയ്ക്കാണ്. വൈദികന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നടത്തിയത്. വൈദികന്റെ സംസ്‌കാരവും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുതന്നെ. ഒരു മാസക്കാലം മെഡിക്കല്‍ കോളേജില്‍ത്തന്നെ ചികിത്സയിലുണ്ടായിരുന്ന വൈദികന് കൊവിഡ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ലെന്നാണ് മരണവിവരം പുറത്തുവിട്ട് ആരോഗ്യവകുപ്പ് മാദ്ധ്യമങ്ങള്‍ക്കു നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നത്.