ജനുവരിയോടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയേക്കും; വില കൂടുന്ന വസ്തുക്കള്‍ ഇവ
മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില ജനുവരിയോടെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതോടൊപ്പം പാലിന്റെ വിലിയിലും വര്‍ധനവുണ്ടായി. ഫ്‌ളാറ്റ് പാനലിന്റെ വിലിയുണ്ടായ വര്‍ധനയും എനര്‍ജി റേറ്റിങ് നിലവാരം പുലര്‍ത്തുന്ന നിയമങ്ങള്‍ പാലിക്കുന്നതിലെ ചെലവും മൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വര്‍ധനവുണ്ടാകുമെന്ന് കമ്പനികള്‍ പറയുന്നു.
അതേസമയം, വിലവര്‍ധിപ്പിച്ചാല്‍ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികള്‍ക്കുണ്ട്. ഗോതമ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയില്‍ 12-20 ശതമാനം വരെയാണ് വര്‍ധനവുണ്ടായതെന്ന് നെസ് ലെ, പാര്‍ലെ, ഐടിസി എന്നിവര്‍ പറയുന്നു. ബിസ്‌ക്കറ്റ്, നൂഡില്‍സ്, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, കേക്കുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ജനുവരിയോടെ വിലവര്‍ധിക്കുമെന്നാണ് വിവരം.
വിലക്കയറ്റം ചെറുക്കാന്‍ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. ഈയിടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനാല്‍ വിലക്കയറ്റത്തിന്റെ തോതില്‍ കുറവുവരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ആറുമാസത്തെ ഉയര്‍ന്ന നിലവാരമായ 11 ശതമാനത്തിലെത്തിയിരിക്കുകയാണ്.