തിരുവനന്തപുരം: സംസ്ഥാനത്ത് നൂറ് ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതി പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹ്യക്ഷേമ പെന്‍ഷനില്‍ കൊണ്ടുവന്നമാറ്റമാണ് ഈ സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തി. യുഡിഎഫിന്റെ കാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍. അത് പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ പെന്‍ഷന്‍ തുക 600ല്‍നിന്ന് ആയിരം രൂപയായി പിന്നീട് 1200 ആക്കി. ഇപ്പോള്‍ 1300 ആണ്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 36 ലക്ഷമയാിരുന്നത് 58 ലക്ഷമായി വര്‍ധിച്ചു. പെന്‍ഷന്‍ ഗുണഭോക്താക്കള്‍. കുടിശിക ഇല്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. സാമൂഹ്യക്ഷമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കും. ഈ പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെ പൊതു ആരോഗ്യ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. 2021 ജനുവരിയില്‍ വിദ്യാലങ്ങള്‍ സാധാരണ സ്ഥിതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്ക് ആക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 18 കോടി രൂപയുടെ ചെങ്ങനൂര്‍ ഐടിഐ ഉള്‍പ്പെടെ 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാള സര്‍വകലശാല, എപിജെ അബ്ദുള്‍കലാം സര്‍വകാലശാലകള്‍ക്കുള്ള സ്ഥലം കണ്ടെത്തി തറക്കല്ല് ഇടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തിലും ഹൃസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയും വേണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.