മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണരുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ കേന്ദ്ര മന്ത്രി സഭയുടെ അടിയന്തിര യോഗം ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിനുള്ള ധാരണയില്‍ എത്തിയിരുന്നു. പിന്നാലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പ് വെക്കുകയായിരുന്നു.
.20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനാലായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ.
സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോ എന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയോട് ഗവര്‍ണര്‍ ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരുന്നത്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ശിവസേന അറിയിച്ചിരുന്നു. അവര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേനാ നേതാവ് ആദിത്യ താക്കറെ മൂന്നുദിവസം കൂടി അധികസമയം ചോദിച്ചിട്ടും ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല