ഭാര്യവീട്ടീല്‍ പരമസുഖം! പ്രേമിന്റെ വിശേഷങ്ങളുമായി സ്വാസിക
കൊച്ചി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. ഇരുവരുടെയും പ്രണയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷം ആയിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു.
വിവാഹത്തിന് ശേഷം ഇരുവരും ഷൂട്ടിങ് തിരക്കുകളുമായി രണ്ട് വഴി പിരിഞ്ഞുവെങ്കിലും ഒരുമിച്ചുള്ള നല്ല നിമിഷങ്ങളെ കുറിച്ചെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്കും യൂട്യൂബ് വീഡിയോകള്‍ക്കും എല്ലാം മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.
ഇപ്പോഴിതാ പ്രേമിനൊപ്പം തന്റെ വീട്ടില്‍ പോയ ഒരു ദിവസത്തെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വാസിക. ഭാര്യവീട്ടില്‍ പ്രേമിന് പരമ സുഖം എന്നല്ലാതെ എന്തു പറയാന്‍. അമ്മായിയമ്മയുടെയും അമ്മുമ്മയുടെയും വക സ്‌പെഷ്യല്‍ വിഭവങ്ങളായിരുന്നു എല്ലാം. രാവിലത്തെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കന്‍ കറിയും ഒക്കെയായി ഫുള്‍ ആഘോഷം.
സ്വാസികയുടെ വീട്ടിലെ പെറ്റ്‌സിനൊപ്പമായിരുന്നു പ്രേം കൂടുതല്‍ സമയം ചെലവഴിച്ചത്. ഒരു ദിവസം തന്നെ രണ്ട് സിനിമ കാണാന്‍ പോയി. ഉച്ചയ്ക്ക് ചോറ് കഴിഞ്ഞ് ഒരു കപ്പിള്‍ ഷോയും, വൈകിട്ട് കുടുംബത്തിനൊപ്പം ഫാമിലി ഷോയും. അതിനിടയില്‍ സ്വാസികയുടെ നാട്ടിലെ വയല്‍ വരമ്പുകളിലൂടെയുള്ള നടത്തമൊക്കെ ഉണ്ടായിരുന്നു. ആകെ മൊത്തം സൂപ്പറാണ്.
രണ്ട് പേരും ക്യൂട്ട് കപ്പിളാണ് എന്ന് ആരാധകരും പറയുന്നു. സ്വാസിക മുടി വെട്ടിയതിലുള്ള പരിഭവം കമന്റ് ബോക്‌സില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. രണ്ട് പേരും വളരെ ജെനുവിനായി തോന്നുന്നു, ഇങ്ങനെ തന്നെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ എന്നാണ് വേറെ ചിലരുടെ ആശംസ. അമ്മയെ വിഷമിപ്പിക്കരുത് നന്നായി ജീവിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.