‘പാലായില്‍ ജോസ് ടോമിന് വന്‍ ഭൂരിപക്ഷം’ വിജയം ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ് പത്രവും അടിച്ചിറക്കി; കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
കോട്ടയം: പാലായില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് വന്‍ വിജയം നേടിയതിന്റെ ആഘാതത്തില്‍ നിന്ന് യുഡിഎഫ് നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല. ജോസ് ടോമിന്റെ വിജയം സുനിശ്ചിതമാക്കി ഫ്ളക്സുകളും ലഡുവും ബാന്റ്സെറ്റും എല്ലാം ഒരുക്കിയത് വലിയ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. ഈ ഒരുക്കങ്ങളെല്ലാം അസ്ഥാനത്തായപ്പോള്‍ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. നിയുക്ത എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് എഴുതിയാണ് ഫ്ളക്സുകള്‍ വെച്ചിരുന്നത്.
ഇപ്പോള്‍ ഇതിനെല്ലാം പുറമെ കേരളാ കോണ്‍ഗ്രസിന് അടുത്ത തലവേദനയായിരിക്കുകയാണ് ജോസ് ടോമിന്റെ വിജയം മാത്രം മുന്‍പില്‍ കണ്ട് ഇറക്കിയ മുഖപത്രം. പാലായില്‍ ജോസ് ടോമിന് വന്‍ ഭൂരിപക്ഷം എന്ന തലക്കെട്ടോടു കൂടിയാണ് പത്രം ഇറക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത നല്‍കിയത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയുടെ ഒന്നാംപേജില്‍ തന്നെയാണ് ‘പാലായില്‍ ജോസ് ടോമിനു വന്‍ ഭൂരിപക്ഷം’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയത്. വോട്ടെണ്ണലിനു രണ്ടുദിവസം മുന്‍പാണ് പത്രം അടിച്ച് ഇറക്കിയത്. നേരത്തെ പാലായിലെ യുഡിഎഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് യുഡിഎഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ഇതും വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നലെയാണ് കേരളാ കോണ്‍ഗ്രസിന് തലവേദനയായി മുഖപത്രം പ്രചരിക്കുന്നത്.