ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. വിദേശ വനിതയുടെ മകന് രാജ്യസ്നേഹിയാകാന്‍ കഴിയില്ലെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമര്‍ശം. കൊവിഡ് പ്രതിരോധത്തിലും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷ വിഷയത്തിലും ബി.ജെ.പിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുലിനെതിരെ പ്രജ്ഞയുടെ വിവാദ പ്രസ്താവന.
”ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് പിറന്നയാള്‍ക്ക് ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്,” അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രജ്ഞ പരാമര്‍ശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളില്‍ നിന്ന് രാജ്യസ്നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രജ്ഞ പറഞ്ഞത്.
അടുത്തിടെ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കിടെ പ്രജ്ഞാ സിങ് ഠാക്കൂര്‍ തലകറങ്ങി വീണിരുന്നു. ഭോപാലില്‍ സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രഞ്ജ തലകറങ്ങി വീണത്. പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.