കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അപമാനഭാരം സഹിക്കവയ്യാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വനാഥന് കുഞ്ഞു പിറന്നതെന്നും ആത്മഹത്യ ചെയ്യേണ്ട മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ആരോപണമുണ്ട്.
അതേസമയം, വിശ്വനാഥനെ മര്‍ദിച്ചതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നും സി.സി.ടി.വി. പരിശോധനയിലൊന്നും അത്തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറയുന്നു.