KeralaNews

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. നിലമ്പൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ നിറസാന്നിധ്യമായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുകയെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

നിലമ്പൂരില്‍ രണ്ടു പേരുകളാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.വി. പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ വി.വി. പ്രകാശ് മത്സരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലെത്തി. കെ.വി. തോമസ്, കെ.സി. ജോസഫ്, എം.എം. ഹസന്‍, പാലോളി രവി, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, കെ.ബാബു, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് സ്‌ക്രീനിംഗ് കമ്മിറ്റിയെ സമീപിച്ചത്.

നിര്‍ണായക പോരാട്ടത്തില്‍ വിജയമുറപ്പിക്കാന്‍ ഇക്കുറി കൂടി മത്സരിക്കാന്‍ തയാറാണെന്ന് നേതാക്കള്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.കെ. പാട്ടീലിനെ അറിയിച്ചു. സുപ്രധാന തെരഞ്ഞെടുപ്പായതിനാല്‍ വിജയം മാനദണ്ഡമാകണം. അതിനാല്‍ തങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുള്ള തീരുമാനം പുതുമുഖങ്ങള്‍ 50 ശതമാനത്തോളം വേണമെന്നതാണ്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.

അതേസമയം, സംസ്ഥാന ഘടകത്തിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇത്തവണ കേരളത്തില്‍ ഒതുങ്ങും എന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പാഴ്വാക്കായി. ഡല്‍ഹി കേരളഹൗസില്‍ ഇപ്പോള്‍ നിരവധി പാര്‍ട്ടി നേതാക്കളാണ് സീറ്റ് മോഹിച്ച് എത്തുന്നത്. പട്ടികയ്ക്ക് അന്തിമ രൂപം ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസം ഡല്‍ഹിയിലേക്ക് എത്തും.

കൊറോണാ കാലത്ത് ഡല്‍ഹി ചര്‍ച്ചകള്‍ മാതൃകയാകും എന്നായിരുന്നു ദേശീയ നേതൃത്വം അവകാശപ്പെട്ടത്. സ്‌ക്രിനിംഗ് കമ്മറ്റിക്കായി ചുമതലപ്പെട്ട ദേശീയ നേതാക്കള്‍ ഇക്കാര്യം കേരളത്തില്‍ ആവേശത്തോടെ പ്രഖ്യാപിക്കുകയും ചെയ്തു. സ്‌ക്രിനിംഗ് കമ്മിറ്റി രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ അവകാശവാദം പാടെ എങ്ങനെ തള്ളാം എന്നതില്‍ മാതൃകയായിരിക്കുകയാണ് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍.

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ അവരാണ് പങ്കെടുക്കുന്നതെങ്കിലും അവര്‍ക്ക് പിന്നാലെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ മോഹികളായ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker