കല്‍പറ്റ: അമ്മയുടെ സ്നേഹം മരണമില്ലാത്തതാണെന്ന് തെളിയിച്ച് ഒരമ്മയാന. മനുഷ്യമനസിനെ കീഴടക്കുകയാണ് ഈ അമ്മയുടെ കുഞ്ഞിനോടുള്ള സ്നേഹം. മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞ അഴുകിത്തീരാറായ ആനക്കുട്ടിയുടെ മൃതശരീരവുമായി സഞ്ചരിക്കുകയാണ് ഈ പിടിയാന. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന ആനക്കൂട്ടത്തിലാണ് ഈ അമ്മയുമുള്ളത്.
മുനീര്‍ തോല്‍പ്പെട്ടി എന്ന ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും ഈ അമ്മയാനയെ കുറിച്ച് പുറംലോകമറിഞ്ഞത്. ‘നിലത്ത് വലിച്ചിഴയ്ക്കാതെ ഉയര്‍ത്തി പിടിച്ച് കൊണ്ട് പോയത് അഴുകി വീണ് തീരാറായ പേറ്റ് നോവിന്റെ ഭാരമാണ്. അവള്‍ പറഞ്ഞത് മുഴുവന്‍ നമുക്ക് പങ്കുവെക്കുവാന്‍ അറിയാത്ത വിചിത്ര ഭാഷയാണ്’-മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുനീര്‍ തോല്‍പ്പെട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
‘സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കുവാന്‍ ഒരു വിചിത്ര ഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.”
(മാധവിക്കുട്ടി)
ഏത് വാക്കിന്റെ പൊരുളില്‍ പറയണമെന്നറിയാത്ത ഒരു സ്നേഹം മനസിനെ ഉലച്ചു കളഞ്ഞ ദിവസമാണിന്ന്.
തിരക്കേറി പൊള്ളുന്ന മാര്‍ച്ച് മാസത്തിന്റെ പകല്‍ പടിഞ്ഞാറന്‍ ചെരുവില്‍ നിറങ്ങള്‍ ചാലിച്ച് തുടുത്ത് തുടങ്ങിയ നേരം ,ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലേക്കാണ് ഏറേ പ്രിയമുള്ള സുഹൃത്തുകളുടെ ചായകടയില്‍ നിന്നുള്ള കൈ വീശല്‍.
സൗഹൃദങ്ങളുടെ പങ്കുവെക്കല്‍ മുഴുവന്‍ കണ്ടറിഞ്ഞ കാടിന്റെ നനവും മിഴിവുമായിരുന്നു .
വേനല്‍ മഴയുടെ മുന്നൊരുക്കങ്ങളിലും ബാക്കി താണ്ടേണ്ടുന്ന സ്ഥിരം കാനന വഴികളില്‍ ഇരുട്ടിന്റെ നിഴല്‍ പരക്കാന്‍ തുടങ്ങുമെന്നതും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഭാണ്ഡവും പെറുക്കി യാത്ര തുടരാന്‍ നിര്‍ബന്ധിച്ചപ്പോള്‍ എന്റെ വഴിയുടെ പാതി പിന്നിടാന്‍ അവരും കൂട്ട് വന്നു …
വേനലില്‍ പൊള്ളിയടര്‍ന്നുവെങ്കിലും പല മരത്തിലും തളിരില ചോപ്പിന്റെ പല നിറങ്ങള്‍.. കാറ്റ് കടം വാങ്ങി പോകുന്ന കരിയിലകളുടെ അനക്കം പോലും ആസ്വദിച്ചുള്ള ആ യാത്രയ്ക്കിടയിലേക്ക് ഒരു ചിന്നം വിളിയുടെ കാലടികള്‍ റോട്ടിലേക്ക് ഓടിയെത്തിയത്.
വളരെ അസ്വസ്ഥമായ രണ്ട് വലിയ പിടിയാനയും ഒരു കുട്ടിയും അടങ്ങിയ കുടുംബം മിക്ക വാഹനങ്ങള്‍ക്ക് നേര്‍ക്കും ഓടി അടുക്കുന്നു. ഓരോ വാഹനത്തേയും ഭയപ്പെടുത്തി ഓടിക്കുന്ന തിനിടയില്‍ സുരക്ഷിത അകലത്തിന്റെ ദൂരം തേടി ഞങ്ങള്‍ ബൈക്ക് തിരിച്ചിടുകയും ചെയ്തു..
വനം വകുപ്പിലെ സുഹ്യത്തുക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞ സുഖമില്ലാത്ത കുഞ്ഞിനേയും കൊണ്ട് നടക്കുന്ന ആന കൂട്ടമാകും ഇതെന്ന് തോന്നി. സുഹൃത്തിനോട് പറയുകയും ചെയ്തു. അസുഖബാധിതനായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്തതിനാലാകും മുതിര്‍ന്ന ആനകള്‍ ഇത്ര അസ്വസ്തമാകുന്നതെന്ന് തോന്നി..
നിരന്തരം വാഹനങ്ങളെ ഓടിക്കുന്നതിനാല്‍ ആനകള്‍ നില്‍ക്കുന്നതിന് ഇരുവശവും വാഹനങ്ങളുടെ ചെറിയ തിരക്കും രൂപപ്പെട്ടതിനിടയിലേക്കാണ് ആ അമ്മ കുഞ്ഞിനേയും തുമ്പിയില്‍ തൂക്കിയെടുത്ത് റോട്ടിലേക്ക് കയറിയത്.
ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി.
മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ , അഴുകി വീഴുന്ന കുഞ്ഞിന്റെ ശരീരവും എടുത്ത് ഒരമ്മ…….
ഒന്ന് പോകാന്‍ അനുവദിക്കണമെന്ന യാചന പോലെ കുഞ്ഞിനെ ഒന്ന് കൂടി ഉയര്‍ത്തി പിടിച്ച് ഇരുവശവും നിന്ന വാഹനങ്ങളുടെ നേരേ കാണിച്ച് ഒരു നിമിഷം അവളൊന്ന് നിന്നു.
പിന്നെ പതിയെ അവര്‍ റോഡ് മുറിച്ച് കടന്ന് കാടിന്റെ മറവിലേക്ക്.
പേറ്റ് നോവിന്റെ മുറിവുണങ്ങാത്ത ഒരമ്മയാണ് ,
മുലപ്പാലിന്റ നനവ് പൊടിയുന്ന മാറിടമുള്ള ഒരമ്മയാണ് മുന്നിലൂടെ കടന്ന് പോയത്.
മരിച്ചു പോയ കുഞ്ഞിന്റെ അഴുകിയ ഗന്ധവും പേറി വരണ്ട മണ്ണിന്റെ മാറിനെ കരയിച്ച് കടന്ന് പോയത്.
ആത്മബന്ധത്തിന്റെ വൈകാരിക തലത്തെ ഓര്‍ത്ത ഞാനെന്ന മനുഷ്യജീവി ആ നിമിഷം
വല്ലാതെ ചെറുതായത് ആനയുടെ വലിപ്പത്തിന്റെ മുമ്പിലല്ല.
സ്നേഹത്തെ കുറിച്ച് പറഞ്ഞ ആ വിചിത്ര ഭാഷയ്ക്ക് മുമ്പിലാണ്.
പറഞ്ഞു കേട്ടിട്ടുണ്ട്. ആനകളുടെ
പരസ്പരമുള്ള ആത്മബന്ധത്തിന്റെ
നിറകണ്‍ കഥകള്‍ …
പക്ഷെ ഉള്ള് തൊട്ടത് ഇപ്പോള്‍ മാത്രമാണ്.
കൂട്ടത്തില്‍ നിന്ന് മരിച്ചു പോയ ആനയുടെ ബാക്കി വന്ന എല്ലിന്‍ കഷണങ്ങള്‍ ഉപേക്ഷിച്ച് തീറ്റ തേടി അലയുമ്പോഴും പതിവു തെറ്റാതെ ഇടവേളകള്‍ താണ്ടി ആ വഴി തേടിയെത്തി ദ്രവിച്ച് തുടങ്ങുന്ന എല്ലിന്‍ കഷണങ്ങള്‍ തലോടി കടന്നു പോകുന്ന ആനകളുടെ ആത്മബന്ധത്തെ കുറിച്ചുള്ള അനുഭവ പാഠങ്ങള്‍ അവരില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് പറയുമ്പോഴും ഉള്ള് പൊള്ളിച്ചത് ഇപ്പോള്‍ മാത്രമാണ്.
കാരണം
ഇപ്പോള്‍
പോയത് ഒരമ്മയാണ്..
നിലത്ത് വലിച്ചിഴയ്ക്കാതെ ഉയര്‍ത്തി പിടിച്ച് കൊണ്ട് പോയത് അഴുകി വീണ് തീരാറായ പേറ്റ് നോവിന്റെ ഭാരമാണ് …..
അവള്‍ പറഞ്ഞത് മുഴുവന്‍
നമുക്ക് പങ്കുവെക്കുവാന്‍ അറിയാത്ത വിചിത്ര ഭാഷയാണ്……..
മുനീര്‍ തോല്‍പ്പെട്ടി
9744860686