പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നെന്ന് യുവനടൻ; 90% നഗ്നതയാവാമെന്ന് ധാരണയെന്ന് സംവിധായിക, വിവാദം കത്തുന്നു

കൊച്ചി: അശ്ലീല ഒടിടി സീരീസിൽ പൂർണനഗ്നനായി അഭിനയിക്കേണ്ടി വന്നുവെന്ന് നായകനായി അഭിനയിച്ച യുവനടൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തിയായിരുന്നു അഭിനയിപ്പിച്ചതെന്നും യുവനടൻ വെളിപ്പെടുത്തി. അതേസമയം, 90 ശതമാനം നഗ്നതയാവാമെന്ന് ധാരണയുണ്ടെന്ന് ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചു.
സീരീസിലെ അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയെന്നും സംവിധായിക പറഞ്ഞു. സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ യുവനടന്‍ പരാതി നല്‍കിയതിനു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
അതിനിടെ, യുവനടൻ അശ്ലീല ഒടിടി സീരീസിന്റെ കരാറിൽ ധാരണയാവുന്നതിന്റെ ദൃശ്യം ഒടിടിക്കാർ പുറത്തുവിട്ടു. നടൻ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗങ്ങൾ കുറച്ച് ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്പ്പിച്ചത്.
അതുവരെ അശ്ലീല സീരീസിന്റെ ചിത്രീകരണമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യമായി നായകാനാകുന്നുവെന്നതിന്റെ ടെൻഷനിൽ കരാർ പൂർണമായി വായിച്ചുനോക്കാൻ കഴിഞ്ഞില്ലെന്ന് യുവനടൻ പറഞ്ഞു.
ഒപ്പുവച്ചശേഷമാണ് അശ്ലീല സീരീസ് ആണെന്ന് അറിയിച്ചത്. തുടർന്ന് അഭിനയിക്കാൻ കഴിയില്ലെന്ന് യുവനടൻ പറഞ്ഞെങ്കിലും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.
അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ഏഴുവർഷമായി സിനിമ–സീരിയിൽ മേഖലയിലുള്ള തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവനടനെ സുഹൃത്താണ് ഒടിടി സീരീസിലേക്ക് ക്ഷണിച്ചത്.