വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വിവാഹം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് റോമിലെ ബിഷപ്പും കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ.
വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
ഇക്കാലത്ത് ദമ്ബതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം വേര്‍പിരിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് മാര്‍പ്പപ്പയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങള്‍ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍ വിറ്റോ മാന്‍കുസോ പറഞ്ഞു. “ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മാര്‍പ്പാപ്പ നടത്തിയ മറ്റൊരു പരാമര്‍ശവും വലിയ വിവാദമായിരുന്നു. സ്വന്തം മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ‘സ്വാര്‍ത്ഥരാണ്’ എന്നതായിരുന്നു വിവാദ പരാമര്‍ശം. കുട്ടികള്‍ക്കായി വളര്‍ത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് ‘നമ്മുടെ മാനവികതയെ ഇല്ലാതാക്കുന്നു’ എന്നും മാര്‍പ്പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ ഒരു പൊതു സദസ്സില്‍ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ള മാതാപിതാക്കളോട് ‘ഭയപ്പെടേണ്ടതില്ല’ എന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഒരു കുട്ടി ഉണ്ടാകുന്നത് എല്ലായ്പ്പോഴും അപകടമാണ്, എന്നാല്‍ ഒരു കുട്ടി ഉണ്ടാകാത്തതില്‍ കൂടുതല്‍ അപകടസാധ്യതയുണ്ടെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. വളര്‍ത്തുമൃഗ പ്രേമികള്‍ മാര്‍പ്പാപ്പയുടെ പരാമര്‍ശത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.