KeralaNews

തെലുങ്കാനയില്‍ ബി.ആര്‍.എസിന് പിന്തുണ,ആന്ധ്രയില്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസിനും അല്ലു അര്‍ജുന്റെ പിന്തുണ,ഭാവി എതിരാളിയെ ഒതുക്കാന്‍ രേവന്ത് റെഡ്ഡിയും ചന്ദ്രബാബു നായിഡുവും ഒത്തുചേര്‍ന്നോ; സൂപ്പര്‍ താരത്തിന്റെ അറസ്റ്റിനു പിന്നിലെന്ത്?

ഹൈദരാബാദ്: അല്ലു അര്‍ജുന്റെ അറസ്റ്റ് തെലുങ്ക് രാഷ്ട്രീയത്തേയും ബാധിക്കും. തെലങ്കാനയില്‍ പ്രതിപക്ഷത്തുള്ള ബിആര്‍എസും ബിജെപിയും അല്ലു അര്‍ജുന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രതികൂട്ടിലാണ്. ഇതിനൊപ്പം ആന്ധ്രാ പ്രദേശിലെ രാഷ്ട്രീയവും കലങ്ങി മറിയും. തെലുങ്കാന പോലീസിന്റെ അറസ്റ്റില്‍ ബിജെപിക്ക് പങ്കില്ലെങ്കിലും ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്തോഷത്തിലാണത്രേ. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് അല്ലു അര്‍ജുന്റെ അറസ്റ്റെന്ന വാദവും സജീവം.

അല്ലു അര്‍ജുന്റെ അറസ്റ്റ് നടന്നത് ഹൈദരാബാദിലാണെങ്കിലും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെയാണ് ഇത് ബാധിക്കുക. നിലവില്‍ രണ്ടു സംസ്ഥാനങ്ങളാണെങ്കിലും തെലങ്കാനയും ആന്ധ്രാപ്രദേശും ഇന്നും സിനിമയുടെ കാര്യത്തില്‍ ഒന്നാണ്. തെലുങ്ക് സിനിമാ മേഖലയാണ് രണ്ട് സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെ പോലും സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആരാധകരുള്ള അല്ലുവിന്റെ ഇനിയുള്ള നീക്കങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. അല്ലു, കൊനിഡേല കുടുംബങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളും ഈ കുടുംബങ്ങള്‍ക്ക് തെലുങ്ക് രാഷ്ട്രീയത്തിലുള്ള സ്വാധീനവും ഏവരും അംഗീകരിക്കുന്നതാണ്. ഇതിനിടെയാണ് അല്ലുവിനെ അറസ്റ്റ് ചെയ്ത് ഒരു ദിവസം രാത്രി തെലുങ്കാനാ പോലീസ് ജയിലില്‍ അടച്ചത്.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ളവരാണ് അല്ലു രാമലിംഗയ്യയുടെയും കൊനിഡേല വെങ്കട് റാവുവിന്റെ പൂര്‍വികര്‍. എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്‍മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവന്‍ കല്യാണും. നടനും എഴുത്തുകാരനുമായ അല്ലു രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. അന്നു മുതല്‍ രണ്ടു കുടുംബങ്ങളും ബന്ധുക്കളായി. സുരേഖയുടെ സഹോദരന്‍ അല്ലു അരവിന്ദിന്റെ മക്കളാണ് അല്ലു അര്‍ജുനും അല്ലു സിരിഷും.

എന്നാല്‍ അടുത്ത ബന്ധുക്കളാണെങ്കിലും അല്ലു അര്‍ജുനുമായി ഏറെ നാളായി അകല്‍ച്ചയിലാണ് ആന്ധ്രാ ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍. പവന്‍ കല്യാണ്‍ ആരാധകര്‍ പുഷ്പ 2 ചലച്ചിത്രത്തത്തോട് സഹകരിച്ചിരുന്നില്ല. 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശില്‍പ രവിയെ പിന്തുണച്ചതായിരുന്നു ഇതിന് കാരണം. ആന്ധ്രയിലെ എന്‍ഡിഎ വിജയത്തില്‍ പ്രധാനിയായി മാറിയത് പവന്‍ കല്യാണായിരുന്നു. അവിടെ ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രി.

ആന്ധ്രാപ്രദേശില്‍ അല്ലു കുടുംബത്തിന്റെ പിന്തുണ വൈഎസ്ആര്‍ കോണ്‍ഗ്രസിനായിരുന്നു. എതിര്‍പക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിനും പവന്‍ കല്യാണിനും അല്ലു കുടുംബവുമായുള്ള അകല്‍ച്ചയ്ക്ക് ഇത് മൂലം കൂടി. അല്ലു കുടുംബത്തിന് ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനോടെന്ന പോലെയാണ് തെലങ്കാനയില്‍ ബിആര്‍എസിനോടുള്ള ബന്ധം. ഇതിനൊപ്പം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ എതിരാളിയും സഹോദരിയുമായ വൈഎസ്ആര്‍ ശര്‍മിളയാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് അല്ലുവിനോട് തീരെ താല്‍പ്പര്യമില്ല.

തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചന്ദ്രബാബു നായിഡുവിന് അനുകൂലമായാണ് നിലവില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതെന്ന വാദം ശക്തമാണ്. എന്‍ഡിഎയിലുള്ള ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിലേക്ക് എത്തിക്കാന്‍ രേവന്ത് റെഡ്ഡി കരുക്കള്‍ നീക്കുന്നതായും സൂചനയുണ്ട്. ഈ രാഷ്ട്രീയത്തില്‍ പവന്‍ കല്യാണിന്റെ നിലപാട് വ്യക്തവുമല്ല. അങ്ങനെ ആന്ധ്രയിലേയും തെലുങ്കാനയിലേയും രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഇത് കൂട്ടുന്നതാണ് അല്ലു അര്‍ജുന്റെ അറസ്റ്റ് എന്ന വാദം അതിശക്തമാണ്. അല്ലുവിന്റെ നിലപാട് പ്രഖ്യാപനം ഇനി നിര്‍ണ്ണായകമായി മാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker