പോലീസുകാരന്റെ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിയമസഭയിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കം നിലനിന്നിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. സുരേഷിന്റെ കുടുംബം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും അഞ്ജുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
യുവതിയുടെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞു നാട്ടുക്കാര്‍ വീട്ടിലെത്തുമ്പോള്‍ അഞ്ജുവിന്റെ മൃതദേഹം കട്ടിലില്‍ ആയിരുന്നു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.