ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കൊണ്ട് ഗതികെട്ട് ഇന്ത്യന്‍ റെയില്‍വേ. നിരവധി തവണ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും റെയില്‍വേ നല്‍കിക്കഴിഞ്ഞു. എന്നാല്‍, നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായത്. Trains of India എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്ത പൊലീസുകാരന്‍ ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഡീയോ Ghar Ke Kalesh എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചിരുന്നു. പിന്നാലെ രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായത്. വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ ചോദ്യം ചെയ്തു. ടിക്കറ്റിലാതെ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് മറ്റ് യാത്രക്കാര്‍ ബസില്‍ പോകാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ താൻ കയറേണ്ട ട്രെയിൻ തനിക്ക് മിസ്സായെന്നും അതിനാലാണ് വന്ദേ ഭാരതില്‍ കയറിയതെന്നും പൊലീസ് ടിടിഇയോട് വിശദീകരിക്കുന്നു. തുടര്‍ന്ന് തന്‍റെ തെറ്റ് പൊറുക്കണമെന്നും പൊലീസുകാരന്‍ ടിടിഇയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പൊലീസുകാരനോട് ദേഷ്യപ്പെടുകയും വഴക്ക് പറയുകയും ചെയ്യുന്നു. ഇതിനിടെ ഒരു യാത്രക്കാരന്‍ ടിടിയോട് പൊലീസുകാരനെ ട്രെയിനില്‍ നിന്നും ഇറക്കിവിടാന്‍ പറയുന്നതും കേള്‍ക്കാം.
നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്. ‘ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണം. അയാള്‍ അധികാരം മുതലെടുക്കുകയാണ്’,’യൂണിഫോം ധരിച്ചാല്‍ എല്ലാവരുടെയും മേൽ അധികാരമുണ്ടെന്നാണ് അവർ കരുതുന്നത്’, ‘ടിക്കറ്റ് എടുത്താൽ അവർക്ക് ഒന്നും സംഭവിക്കില്ല’, ‘ ഒരു പൊലീസ് ഓഫീസർ മാർക്കറ്റിൽ കച്ചവടക്കാർക്ക് പണം കൊടുക്കുന്നതും ബസിൽ കയറിയാൽ ടിക്കറ്റ് വാങ്ങുന്നതും ഞാൻ ഇതുവരെ കണ്ടിട്ടില്ല.’ എന്നായിരുന്നു കമന്റുകൾ. യുപിയില്‍ ഇതിന് മുമ്പും പൊലീസുകാര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പിടിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു.